എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി വരാൻപോകുന്ന ലോക് സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 'കേരളകൗമുദി"യോട് വിശദമായി സംസാരിച്ചു.കൗമുദി ടിവി സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:-
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?
അന്തിമ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റിയും എൻ.ഡി.എ നേതൃത്വവും ഇതിനായി നിർബന്ധിക്കുന്നുണ്ട്. എൻ.ഡി.എയ്ക്ക് കേരളത്തിൽ വിവിധ മണ്ഡലങ്ങളിൽ ജയസാദ്ധ്യതയുണ്ട്.എൻ.ഡി.എ കൺവീനർ എന്ന നിലയിൽ പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ മത്സരിക്കാതെ മാറിനിൽക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ബി.ജെ.പിയും ആർ.എസ്.എസും സമ്മർദ്ദം ചെലുത്തുന്നുണ്ടോ?
എല്ലാ ഘടകങ്ങളിലുള്ളവരും മത്സരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. മത്സരിച്ചാലുള്ള പ്രശ്നം നേരത്തെ പറഞ്ഞതുപോലെ മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാകും. അത് പല കാരണങ്ങളാൽ ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. എല്ലാ ഘടകങ്ങളെയും ഞാനത് അറിയിച്ചിട്ടുണ്ട്.
സമ്മർദ്ദത്തെ അതിജീവിച്ച് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുമോ?
ഇതുവരെ അങ്ങനെയാണ്. എന്നേക്കാൾ നല്ല സ്ഥാനാർത്ഥികൾ വരും. അവരെ വിജയിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടുള്ളത്.
താങ്കൾ മത്സരിച്ചില്ലെങ്കിൽ ബി.ഡി.ജെ.എസ് നാല് സീറ്റിലെ മത്സരിക്കുകയുള്ളോ?
ഞാൻ മത്സരിച്ചാലും ഇല്ലെങ്കിലും അഞ്ച് സീറ്റിൽ തന്നെ മത്സരിക്കും.
താങ്കൾ മത്സരിക്കാതിരുന്നാൽ, എസ്. എൻ.ഡി.പി യോഗം ഭാരവാഹികൾ മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം ഒഴിഞ്ഞ് മത്സരിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിനാലാണെന്ന് വ്യാഖ്യാനിക്കില്ലേ?
അങ്ങനെ പറയാൻ കഴിയില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെയോ യൂണിയന്റെയോ നേതാക്കന്മാർക്ക് മത്സരിക്കുന്നതിന് സംഘടനാപരമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹം വ്യക്തിപരമായി ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കൊടി വീശി ആരംഭിച്ചതാണ് ബി.ഡി.ജെ.എസ്. ഇപ്പോൾ ബി.ഡി.ജെ.എസിൽ പ്രവർത്തിക്കുന്നവരിൽ നല്ലൊരു പങ്കും യോഗത്തിന്റെ നേതാക്കളോ പ്രവർത്തകരോ ആണ്. ജനറൽ സെക്രട്ടറിയുടെ പരസ്യമായ ഇടതുപക്ഷ ചായ്വ് ബി.ഡി.ജെ.എസ് പ്രവർത്തകരെ സമ്മർദ്ദത്തിലാക്കുന്നുണ്ടോ?
എസ്.എൻ.ഡി.പി യോഗം സി.പി.എമ്മിന്റെയോ, എൽ.ഡി.എഫിന്റെയോ ഘടകകക്ഷിയോ വാലോ ചൂലോ അല്ല. ഭരണത്തിനെതിരെ യോഗം നിൽക്കാറില്ല.എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും അതിന്റെ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും യോഗം ജനറൽ സെക്രട്ടറി സംസാരിക്കാറുണ്ട്. മാറി മാറി ഭരണത്തിൽ വരുന്നവരുമായി യോഗം ജനറൽ സെക്രട്ടറിക്ക് സംസാരിക്കേണ്ടിവരും. കേന്ദ്രത്തിൽ യു.പി.എ ആയാലും എൻ.ഡി.എ ആയാലും അവരോടൊക്കെ സംസാരിക്കാറുണ്ട്. പ്രധാനമന്ത്രിയെക്കണ്ടാൽ ഇപ്പോൾ അവരോട് ചായ്വാണെന്നും മുഖ്യമന്ത്രിയെക്കണ്ടാൽ മുഖ്യമന്ത്രിയോട് ചായ്വാണെന്നും പറയുന്നതിൽ ഒരർത്ഥവുമില്ല.എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരുമായും തുല്യദൂരം പാലിക്കുകയെന്നതാണ് യോഗത്തിന്റെ നയം. എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും എൻ.ഡി.എ ആയാലും തുല്യ ദൂരം തന്നെയാണ് പാലിക്കുന്നത്.
പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തറപറ്റുമെന്ന് ആരും കരുതേണ്ടെന്ന് ഒരഭിമുഖത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു?.
യു.ഡി.എഫ് തറപറ്റില്ലെന്നും യു.ഡി. എഫിന് വോട്ടുകിട്ടുമെന്നും മുമ്പ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം പറയും. എസ്.എൻ.ഡി.പി യോഗം രാഷ്ട്രീയ സംഘടനയല്ല. സമുദായ സംഘടനയാണ്. ആ നിലയ്ക്ക് ഇവിടെ മാറി മാറി വരുന്ന സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടത് സംഘടനയുടെ ആവശ്യമാണ്. അതനുസരിച്ച് അദ്ദേഹം നിൽക്കുന്നുവെന്നേയുള്ളൂ.
ശബരിമല വിഷയം വന്നശേഷം ഈ സർക്കാരിനു കിട്ടിയ ഏറ്റവും വലിയ പിന്തുണ യോഗം ജനറൽ സെക്രട്ടറിയുടെയും യോഗത്തിന്റേയുമാണ്. മറുഭാഗത്ത് എൻ.എസ്.എസ് അതിനെ എതിർത്ത് ശക്തമായി രംഗത്തു വന്നു. തുടർന്ന് വനിതാ മതിൽ വിഷയത്തിലടക്കം യോഗം ജനറൽ സെക്രട്ടറി പരസ്യമായ നിലപാട് എടുത്തു. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു?
ബി.ഡി.ജെ.എസ് ഉം എൻ.ഡി.എയും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടുണ്ട്. അത് വിശ്വാസികൾക്കൊപ്പമാണെന്നാണ്. എസ്.എൻ.ഡി.പി യോഗവും വിശ്വാസികൾക്കൊപ്പമാണെന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്. ശബരിമലയിലെ ആചാരങ്ങൾക്കെതിരാണെന്ന് ജനറൽ സെക്രട്ടറി എങ്ങും പറഞ്ഞിട്ടില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റുക എന്നതല്ല നവോത്ഥാനമെന്ന് ഉദ്ദേശിച്ചിട്ടുള്ളത്. ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽപ്രായമുള്ള സ്ത്രീകളെ കയറ്റുന്നതിനെതിരായ നിലപാടാണ് ബി.ഡി.ജെ.എസ് സ്വീകരിച്ചിട്ടുള്ളത്. യോഗം കൗൺസിലർമാരും ഭാരവാഹികളുമെല്ലാം എടുത്തത് ഈ തീരുമാനം തന്നെയാണ്.
വനിതാമതിലിൽ പങ്കെടുത്തതിലൂടെ ഈ വിഷയത്തിലെ ഇടതു സർക്കാർ നിലപാടിനെ പിന്തുണയ്ക്കുകയല്ലേ?
അവസാന നിമിഷം വരെയും വനിതാ മതിൽ ശബരിമലയ്ക്കെതിരാണെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഒരു കാലഘട്ടത്തിൽ എൽ.ഡി.എഫ് എസ്.എൻ.ഡി.പി യോഗത്തെ അംഗീകരിക്കാത്തവരും, ഗുരുദേവനെ അംഗീകരിക്കാതെ ഗുരുദേവപ്രതിമയുടെ കഴുത്തിൽ കയറിട്ടു വലിക്കുകയും കുരിശിൽ തറയ്ക്കുകയും ചെയ്തവരാണ്. നവോത്ഥാന വിഷയങ്ങളിൽ പിന്തുണയ്ക്കായി അവർ യോഗം ജനറൽ സെക്രട്ടറിയോട് അപേക്ഷിച്ചപ്പോൾ അത് സമുദായത്തിന് നൽകിയ അംഗീകാരമായിക്കണ്ടാണ് സഹായിച്ചത്. സ്ത്രീകൾക്ക് ശബരിമലയിൽ കയറാനുള്ള അനുകൂല നിലപാടായി അതിനെ ഒരു തരത്തിലും കാണേണ്ട.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും തമ്മിൽ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഭിന്നതയുണ്ടോ?
യോഗം പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരേ അഭിപ്രായത്തോടെയാണ് പോകുന്നത്. രാഷ്ട്രീയമായി ഞങ്ങൾ തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
ബി.ഡി.ജെ.എസ് തുടങ്ങുമ്പോൾ ലഭിച്ച ആശീർവാദം ജനറൽ സെക്രട്ടറിയിൽനിന്ന് ഇപ്പോഴും ലഭിക്കുന്നുണ്ടോ?
തീർച്ചയായും ഉണ്ട്.
അതിൽ മാറ്റമില്ലേ?
മാറ്റമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയല്ല ബി.ഡി.ജെ.എസ്. ബി.ഡി.ജെ.സിന് എല്ലാ സമുദായങ്ങളുമായും ബന്ധമുണ്ട്. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയാണത്.
ബി.ഡി.ജെ.എസിന് ബി.ജെ.പി പല പദവികളും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ കാര്യമായ അധികാരമുള്ള പദവികൾ ഒന്നും കിട്ടിയില്ലല്ലോ?
നാലഞ്ചു പദവികൾ കിട്ടിയല്ലോ.
പക്ഷേ വലിയ പദവികൾ ഇല്ലല്ലോ?
ഞങ്ങൾ അതേ ഉദ്ദേശിച്ചുള്ളു. ഒരു എം.പിയാകണമെന്നോ, മന്ത്രിയാകണമെന്നോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. മുമ്പ് ഞാൻ എം.പിയാകുമെന്ന് വാർത്ത വന്നപ്പോൾ ഞാൻ ദുബായിയിൽ ആയിരുന്നു. ചില തത്പര കക്ഷികൾ ഉണ്ടാക്കിയ പ്രചാരണം മാത്രമായിരുന്നു അത്.
പാർലമെന്ററി രാഷ്ട്രീയത്തോട് താത്പര്യമില്ലേ?
അങ്ങനെയൊന്നുമില്ല.നാളെ അങ്ങനെയൊരു സാഹചര്യം വരട്ടെ. അപ്പോൾ നോക്കാം.
വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിലെ എൻ.ഡി.എ അജണ്ട എന്താണ്?
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളാണ്. ഇതുവരെ ചെയ്യാത്ത ഒട്ടേറെ കാര്യങ്ങൾ 5 വർഷത്തിൽ ചെയ്തു. ഇതൊരു തുടക്കം മാത്രമാണ്. ഒരു 10 വർഷം കൂടി മുന്നോട്ടു പോകണം.ഇന്ത്യ വലിയ പുരോഗതി കൈവരിക്കും.
ഈ അഞ്ചുവർഷം പിന്നാക്കക്കാർക്കു ഗുണം കിട്ടിയോ?
തീർച്ചയായും. കഴിഞ്ഞ 60 വർഷം ഭരിച്ചവർ എന്തു മെച്ചം ചെയ്തു. അതിനെക്കാൾ ഗുണം ഈ സർക്കാർ ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗത്തിൽപ്പെടുന്നവർക്കും ഗുണമുണ്ടായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച പ്രകടനം ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുമോ?
തീർച്ചയായും അതിലും വളരെ മെച്ചപ്പെട്ട രീതിയിലേക്കു പോകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ഒരു സീറ്റു പോലും കിട്ടില്ലെന്ന് പറഞ്ഞില്ലേ. കേരളത്തിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനല്ല ഈ തിരഞ്ഞെടുപ്പ്. മോദി സർക്കാരിനെ പിന്തുണയ്ക്കാനാണ്. ഇന്ത്യയ്ക്ക് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നിൽക്കണമെങ്കിൽ മോദി വീണ്ടും വരണം.
എൻ.ഡി.എ വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമോ?
തീർച്ചയായും. അക്കൗണ്ട് തുറക്കലല്ല. നല്ല രീതിയിൽ പെർഫോം ചെയ്യും. ഒന്നിലധികം സീറ്റുകളിൽ വിജയിക്കും.
അച്ഛനുമായി ഒരു പ്രശ്നവുമില്ല
പൊതുവേ അച്ഛനും മകനും അത്ര രസത്തിലല്ല എന്നൊക്കെ പ്രചാരണമുണ്ട്. എന്തുപറയുന്നു?
അതിൽ സത്യത്തിന്റെ ഒരംശവുമില്ല. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും വർഷവും ജീവിച്ചത് എന്റെ അച്ഛനുവേണ്ടിയാണ്. യോഗം ജനറൽ സെക്രട്ടറിയായി അച്ഛൻ വരുന്ന ആ ഇലക്ഷനിൽ ശാശ്വതികാനന്ദസ്വാമി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ അതിനുവേണ്ടി മാസങ്ങളോളം പ്രവർത്തിച്ചു. ഒടുവിൽ അച്ഛൻ ജനറൽ സെക്രട്ടറിയുടെ ചാർജ് എടുക്കാൻ പോകുന്നദിവസം എനിക്കെഴുന്നേൽക്കാൻ വയ്യ. ദിവസങ്ങളോളം ഞാൻ ഉറക്കമിളച്ച് പ്രവർത്തിച്ചതിനാലാണത്. അതിനുശേഷം ശാശ്വതികാനന്ദസ്വാമി നിർബന്ധിച്ച് എന്നെ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് വന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു പദവികളിലേക്കും വരാതെ യോഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ജനറൽ സെക്രട്ടറിയുടെ പിറകിൽ കൂടെ നിന്ന് പ്രവർത്തിച്ചയാളാണ് ഞാൻ. എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തേക്കാൾ കൂടുതൽ സ്നേഹിച്ചിട്ടുള്ളതും സ്നേഹിക്കുന്നതും എന്റെ അച്ഛനെയാണ്.അത്ര ബന്ധമാണ് ഞങ്ങൾതമ്മിലുള്ളത്. അച്ഛനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഏറ്റവും വലിയ മണ്ടത്തരമാണ് എന്നേ എനിക്ക് പറയാനുള്ളു. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. തെറ്റിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല.അച്ഛനോടുള്ള എന്റെ സ്നേഹം ഒരിക്കലും കുറയില്ല.തിരിച്ചും അങ്ങനെതന്നെയാണെന്ന് എനിക്കറിയാം.
(തുടരും)