75,000 വിദ്യാർത്ഥികൾക്ക് ഒരേസമയം ലോഗിൻ ചെയ്യാൻ കഴിയുന്ന അതിവേഗ വെബ്പോർട്ടൽ
കേരളകൗമുദിയുടെ എല്ലാ യൂണിറ്റുകളിലും രജിസ്ട്രേഷൻ സൗകര്യം
മിടുക്കരായ വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം കാഷ് അവാർഡ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മികച്ച അവസരം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കേരളകൗമുദി ഒരുക്കുന്ന ഓൺലൈൻ പരീക്ഷാ പരിശീലന പദ്ധതിയിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. ഒാൺലൈൻ രജിസ്ട്രേഷനു പുറമേ കേരളകൗമുദിയുടെ എല്ലാ യൂണിറ്റുകളിലും രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൗ വർഷം ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് കേരളകൗമുദി മുൻ ചെയർമാൻ മാധവി സുകുമാരന്റെ സ്‌മരണയ്‌ക്കായി രൂപീകരിച്ച മാധവി സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി. ഉന്നത പഠന-പരിശീലന രംഗത്തെ പ്രമുഖരായ കരിയർ അനലറ്റിക്കയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്രപ്രവർത്തനത്തെ സാമൂഹിക മാറ്റത്തിനും സാമൂഹിക മുന്നേറ്റത്തിനും ഉപകരണമാക്കിയ കേരളകൗമുദിയുടെ ആഭിമുഖ്യത്തിലുള്ള നവീന വിദ്യാഭ്യാസ പദ്ധതിയിൽ പരിശീലനത്തിന് 24 മണിക്കൂറും അവസരം ലഭിക്കുമെന്നതാണ് സവിശേഷത. സൗകര്യപ്രദമായ സമയം വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. പരിശീലനത്തിന് ശേഷം മാർച്ച് 31ന് മാതൃകാ പരീക്ഷ (മോക്ക് ടെസ്റ്റ്) നടത്തും. ഏപ്രിൽ ഒന്നിന് ഫലം പ്രഖ്യാപിക്കും. മോക്ക് ടെസ്റ്റിൽ 85 ശതമാനത്തിലധികം സ്കോർ നേടുന്ന 10 വിദ്യാർത്ഥികൾക്ക് 10,000 രൂപ കാഷ് അവാർഡ് ലഭിക്കും. ഇൗ രംഗത്ത് നൽകുന്ന ഉയർന്ന കാഷ് അവാർഡാണിത്. ഈ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾക്കും പ്രത്യേക ഉപഹാരം നൽകും. ഒരേസമയം 75,000 വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്യാൻ കഴിയുന്ന അതിവേഗ വെബ്പോർട്ടലിൽ പരിശീലനസൗകര്യം ലഭിക്കുന്നതിന് പുറമേ ഒാരോ പരീക്ഷയ്ക്ക് ശേഷവും തത്സമയഫലം വിശകലനം ചെയ്യാനും സംസ്ഥാനതലത്തിൽ എത്രാമത്തെ റാങ്കിലാണെന്ന് അറിയാനും എത്രമാത്രം പരിശീലനം ഇനിയും ആവശ്യമുണ്ടെന്ന് മനസിലാക്കാനും കഴിയും. ശരിയുത്തരത്തിലേക്കുള്ള ദിശാസൂചികയും അതോടൊപ്പം ലഭിക്കുന്നതിനു പുറമേ ഒാരോ ചോദ്യത്തിനും ഉത്തരം നൽകാനെടുത്ത സമയവും വ്യക്തമാക്കിത്തരും. വെബ്സൈറ്റ്: www.keralakaumudi.com. വിശദ വിവരങ്ങൾക്ക്: 75598 95555, 9946108421.