(തുഷാർ വെള്ളാപ്പള്ളിയുമായി അഭിമുഖം തുടർച്ച )
എൻ എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി താങ്കൾ വളരെയടുത്ത സൗഹൃദ ബന്ധം പുലർത്തുന്നതായി കേട്ടിട്ടുണ്ട്. ആ നിലയ്ക്ക് എസ്.എൻ.ഡി.പിയും എൻ.എസ്.എസും തമ്മിലുള്ള അകൽച്ച മാറ്റാൻ ശ്രമിക്കുമോ?
തീർച്ചയായും. എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവും വിഘടിച്ച് നിൽക്കേണ്ട സംഘടനകളല്ലെന്നാണ് ഞാൻ ആദ്യം മുതലേ പറഞ്ഞിട്ടുള്ളത്. ഭൂരിപക്ഷസമുദായങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇന്നല്ലെങ്കിൽ നാളെ രണ്ടും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.ഒരുമേശയ്ക്കു ചുറ്റുമിരുന്ന് ഇരുകൂട്ടരും സംസാരിക്കണം.
അതിനുള്ള നീക്കങ്ങൾ വല്ലതും നടത്തുന്നുണ്ടോ?
തീർച്ചയായും അതിനായി എന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്യും.
സംവരണവിഷയം ഇരു സംഘടനകളെയും അകറ്റിനിറുത്തുന്ന ഘടകമാണ്. അതിൽ യോജിപ്പിൽ എത്താനാകുമോ?
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും എല്ലാ സമുദായങ്ങൾക്കും പല കാര്യങ്ങളിലും സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ ആ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും യോജിക്കാവുന്ന വലിയ കാര്യങ്ങൾ അപ്പുറത്തുനിൽപ്പുണ്ട്. പൊതുമിനിമം പരിപാടിയുണ്ടാക്കി അഭിപ്രായ വ്യത്യാസമുള്ളവ മാറ്റിവയ്ക്കുകയും യോജിക്കാവുന്ന മേഖലകളിൽ യോജിപ്പുണ്ടാവുകയുമാണ് വേണ്ടത്. അതാണ് എല്ലാവരും ചെയ്യുന്നത്. അത് ഞങ്ങൾക്കുമായികൂടെ?
എന്തുകൊണ്ട് എൽ.ഡി.എഫും യു.ഡി.എഫുമായും സഖ്യത്തിന് ശ്രമിച്ചില്ല?
ഞങ്ങൾ ഇപ്പോൾ നട്ടെല്ലുയർത്തി എൻ.ഡി.എയിൽ നിൽക്കുകയാണ്. അവിടെ ഉറച്ചു നിൽക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എന്താണ് ഞങ്ങളുടെ ശക്തിയെന്ന് തെളിയിക്കും. എൽ.ഡി.എഫിനും യു.ഡി.എഫിനും തീറെഴുതിക്കൊടുത്തതല്ല കേരളം.
പിണറായി സർക്കാർ 1000 ദിവസങ്ങൾ പൂർത്തിയാക്കി. എങ്ങനെ വിലയിരുത്തുന്നു?
1000 ദിവസംകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒാരോ ദിവസവും ഒാരോ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒാട്ടമായിരുന്നില്ലേ. കേരളത്തിന്റെ വളർച്ചയ്ക്കുവേണ്ടി ഒന്നും ചെയ്തില്ല.
മുഖ്യമന്ത്രി വീട്ടിൽ വന്നപ്പോൾ താങ്കളെ കണ്ടില്ല. ബോധപൂർവം മാറിനിന്നതാണോ?
എനിക്കെന്റേതായ പ്രോഗ്രാമുകൾ ഉണ്ട്. അതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ഇവിടെയില്ലായിരുന്നു.ബോധപൂർവം മാറിനിൽക്കേണ്ട കാര്യമില്ല. കേരളത്തിന്റെ മുഖ്യമന്ത്രി വരുമ്പോൾ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റെന്ന നിലയിൽ എനിക്ക് സ്വീകരിക്കാം. എന്റെ ശത്രുവൊന്നും അല്ലല്ലോ അദ്ദേഹം.
വനിതാ മതിലിനെ പിന്തുണച്ചതിനുള്ള പ്രത്യുപകാരമായാണ് കണിച്ചുകുളങ്ങര ദേവസ്വത്തിന് പിൽഗ്രിം ടൂറിസം പദ്ധതി അനുവദിച്ചതെന്നാണ് വിമർശനം?
ഒരിക്കലുമല്ല. സർക്കാർ നേരത്തെ വച്ചിട്ടുള്ള പ്രൊപ്പോസലാണത്.അതിന്റെയടിസ്ഥാനത്തിൽ ഇവിടെ കൊടുത്തു എന്നുമാത്രമേയുള്ളൂ. മറ്റുരീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ല.
ബി.ഡി.ജെ.എസ് രൂപീകരണവേളയിൽ ന്യൂനപക്ഷ സമുദായങ്ങൾ സ്വാധീനം ചെലുത്തി പലതും നേടുന്നുവെന്നും ,ഭൂരിപക്ഷ വിഭാഗം അവഗണിക്കപ്പെടുന്നുവെന്നും താങ്കൾ പറഞ്ഞു?.
ശരിയല്ലേ...? ഭൂരിപക്ഷ-ന്യൂനപക്ഷങ്ങളെ വിഘടിപ്പിച്ചതാരാണ്. കാലാകാലങ്ങളിൽ ഇവിടെ ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും അല്ലേ. അവർ പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുകയും, അസംഘടിതരായ ഭൂരിപക്ഷ വിഭാഗത്തെ അവഗണിക്കുകയും ചെയ്തു. സാമൂഹിക നീതി വേണമെന്ന് ഞങ്ങൾ പറയുന്നത് ക്രൈസ്തവന് കിട്ടേണ്ടതും ഇസ്ളാമിന് കിട്ടേണ്ടതും ഹിന്ദുവിന് കിട്ടേണ്ടതും ജനസംഖ്യാനുപാതികമായി നൽകണം എന്നാണ് . ഒരു കാരണവശാലും ഞങ്ങൾ ന്യൂനപക്ഷത്തിന് എതിരല്ല. വിശ്വാസികളുടെ പ്രശ്നത്തിൽ ജാതിയും മതവും നോക്കാതെ ഞങ്ങൾ അവരോടൊപ്പം നിൽക്കും. മുസ്ളിം പള്ളികൾക്കും ക്രിസ്ത്യൻ പള്ളികൾക്കും സമാനമായ വിഷയങ്ങൾ ഉണ്ടായാലും ഞങ്ങൾ അതോടൊപ്പം നിൽക്കും.അവർക്കിടയിൽ പ്രശ്നമുണ്ടായാൽ മധ്യസ്ഥം വഹിക്കാൻ എൻ.ഡി.എ കൺവീനർ എന്ന നിലയിൽ ഞാൻ തയ്യാറാണ്. മുമ്പുള്ള സ്ഥിതി നോക്കുക. ഇവിടെ ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമൊക്കെ ഒരുപോലെ ജീവിച്ചു. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ആരാണ് ക്രിസ്ത്യാനി ഏതാണ് നായർ, ഏതാണ് നമ്പ്യാർ ,ആരാണ് മുസ്ളിം എന്നൊന്നും അറിയില്ല. ഇവിടെ രാഷ്ട്രീയം കളിച്ചവരല്ലേ എല്ലാവരെയും ജാതിപരമായി വിഘടിപ്പിച്ചത്. വേർതിരിവുണ്ടായപ്പോൾ ഒാരോ വിഭാഗവും അവരവരുടേതായ നിലയിൽ സംഘടിച്ചു. അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ അപകടത്തിലേക്കാണ് എത്തിച്ചത്.ഒാരോ വോട്ട് ബാങ്കുകളുണ്ടാക്കി പ്രീണിപ്പിച്ചു. അപ്പോൾ മറുഭാഗം അവരുടേതായ രീതിയിൽ സംഘടിച്ച് ഒാരോ തുരുത്തുകളായി മാറി എന്നതാണ് സത്യാവസ്ഥ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മാറിയാലേ ഇൗ സ്ഥിതി മാറുകയുള്ളു. എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി. എഫ് എന്ന സ്ഥിതി മാറണം.
കേരളത്തിൽ പ്രതീക്ഷിച്ചപോലെ എൻ.ഡി.എ വളരാത്തത് എന്തുകൊണ്ട്?
സി.പി. എം ഭരിച്ച പല സംസ്ഥാനങ്ങളിലും അവർ ഭരണത്തിൽ നിന്ന് പോയ സ്പീഡ് നിങ്ങൾ കണ്ടതല്ലേ. എൻ.ഡി.എ സർക്കാരിനൊപ്പം നിന്നാൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ച് മലയാളിയെ പഠിപ്പിക്കേണ്ട കാര്യമില്ല. അവർ മാറും.
കേരളത്തിൽ എൻ.ഡി.എ വളരാത്തതിനുകാരണം ബി.ജെ.പിയിലെ ഉൾപ്പോരാണെന്ന് വാദമുണ്ട് ?
ഇൗ ഉൾപ്പോര് എൽ.ഡി.എഫിലും യു.ഡി.എഫിലും ഇല്ലേ.ആ നിലയ്ക്ക് നോക്കിയാൽ ബി.ജെ.പിയിൽ ഒരു ഉൾപ്പോരുമില്ല.
ബി.ജെ.പിയിലെ കേരള ഘടകത്തിലെ ഒരുവിഭാഗം ബി.ഡി.ജെ.എസിന് എതിരാണോ?
ഒരു എതിർപ്പുമില്ല. എല്ലാവരുമായും എനിക്ക് അടുപ്പമാണ്.
തിരുവനന്തപുരത്ത് ബി.ഡി.ജെ.എസിൽ പിളർപ്പുണ്ടായി എന്ന വാർത്ത വന്നിരുന്നു.?
ഒരു കാര്യവുമില്ല. യൂണിയന്റെ മൈക്രോഫിനാൻസിൽ സാമ്പത്തിക ക്രമക്കേടുണ്ടായി. എന്തുകെണ്ട് നടപടി എടുത്തില്ലെന്ന് കുറേപേർ ചോദിച്ചിരുന്നു. പൈസ എടുത്തുപോയ ഒരാളിനെ പെട്ടെന്ന് നടപടി എടുത്ത് കളയാൻ പറ്റില്ല. ആ പണം തിരികെ വയ്പിക്കണം. ബി.ഡി.ജെ.എസിൽ വന്നശേഷം കഴിഞ്ഞ 8 മാസമായി ഞാൻ മാറ്റിനിറുത്തിയിരിക്കുകയായിരുന്നു. ഒരുപാട് സാമ്പത്തിക ക്രമക്കേടുകൾ ഈ പറയുന്നയാളിന്റെ പേരിൽ ഉണ്ടായി. ജനറൽ സെക്രട്ടറി ഉൾപ്പെടെ എന്നെ വഴക്കു പറയുന്ന അവസ്ഥ ഉണ്ടായി. എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇദ്ദേഹത്തെ മാറ്റാൻ വേണ്ടി പോയപ്പോൾ മാറ്റരുതെന്ന് ശുപാർശ ചെയ്തത് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമാണ്. അവരുടെ ചട്ടുകത്തെപ്പോലെ പ്രവർത്തിക്കുന്നയാളാണ്. ഇലക്ഷൻ വരുമ്പോൾ അവർക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കാനുള്ള ഉദ്ദേശമാണോയെന്ന് എനിക്കറിയില്ല. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ശക്തമായി ബി.ഡി.ജെ.എസ് നിൽക്കേണ്ടതുണ്ട്. എൻ.ഡി.എ ജയിക്കേണ്ട മണ്ഡലമാണ്. കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ പത്മകുമാറിന് ചുമതല കൊടുത്തു. നിർജ്ജീവമായ നിയോജക മണ്ഡലങ്ങളെ സജീവമാക്കി.അപ്പോഴാണ് അദ്ദേഹം പത്തോ ഇരുപതോ പേരെ ഉൾപ്പെടുത്തി സ്വയം പാർട്ടി ഉണ്ടാക്കിയെന്ന് പറഞ്ഞത്. ഒരർത്ഥത്തിൽ നന്നായി ബി.ഡി.ജെ.എസിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും പേരിൽ ഇനി പണപ്പിരിവ് നടക്കില്ലല്ലോ.
ബി.ജെ.പിയോട് ചേർന്ന് പ്രവർത്തിക്കാനുള്ള നിലപാട് എടുത്തതെന്താണ്?
രാജ്യത്തിന് ഗുണപരമായ കാര്യങ്ങൾ കൈക്കൊള്ളുന്ന ഗവൺമെന്റാണ് മോദിജിയുടെ നേതൃത്വത്തിൽ ഭരിക്കുന്നത്. ഇന്ത്യയ്ക്ക് ഇത്രയും വർഷമായി ഉണ്ടാകാത്ത എത്രയോ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായി. കേരളത്തിലും ആ മാറ്റങ്ങൾ ഉണ്ടാകും.
സാമ്പത്തിക സംവരണം നടപ്പിലാക്കിയ പാർട്ടിയാണ് ബി.ജെ.പി?
അങ്ങനെയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എടുത്തതും ആ നിലപാടല്ലേ.
കേരളത്തിൽ സാമ്പത്തിക സംവരണത്തെ യോഗം എതിർത്തിരുന്നു?
എല്ലാ മുന്നണികളിലും യോജിക്കാവുന്ന കാര്യങ്ങളുണ്ട്. യോജിക്കാൻ പറ്റുന്ന മേഖലകളിൽ യോജിക്കും. വിയോജിക്കേണ്ട കാര്യങ്ങളിൽ വിയോജിക്കും. പാർട്ടിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ബി.ഡി.ജെ.എസ് എന്നാൽ ബി.ജെ.പി അല്ല.
എൻ.ഡി.എ ഘടകകക്ഷികളോട് ബി.ജെ.പിയുടെ സമീപനമെന്താണ്?
നല്ല സമീപനമാണ്.
പക്ഷേ പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു മുന്നണി വിട്ടു.?
എന്തുകൊണ്ടാണ് വിട്ടതെന്ന് എനിക്കറിയില്ല.
മുന്നണി കൺവീനറുമായി ചർച്ച ചെയ്തില്ലേ?
ഇല്ല. അവർ ഉദ്ദേശിച്ച സ്ഥാനങ്ങളോ പദവികളോ കിട്ടിയില്ലായിരിക്കാം.കാരണം അറിയില്ല.എന്നോട് പറഞ്ഞിട്ടില്ല.
(അവസാനിച്ചു)