തിരുവനന്തപുരം : ഇന്നലെ നടന്ന ഐ.സി.എസ്.ഇ പത്താം ക്ലാസ് ഗണിത പരീക്ഷ വിദ്യാർത്ഥികളെ കുഴപ്പിച്ചില്ല. എല്ലാ വിദ്യാർത്ഥികൾക്കും ജയിക്കാവുന്ന ചോദ്യങ്ങളായിരുന്നു. സിലബസിന് പുറത്ത് നിന്ന് ചോദ്യങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി. ക്ലാസിൽ പരിശീലിച്ച ചോദ്യങ്ങൾക്ക് ഏറെക്കുറെ സമാനമായിരുന്നു ചോദ്യപ്പേറിലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. എ പാർട്ടിലെ നാല് സെറ്റ് ചോദ്യങ്ങളും എളുപ്പമായിരുന്നു. ബി പാർട്ടിലെ ഏഴിൽ നാലെണ്ണത്തിനായിരുന്നു ഉത്തരമെഴുതേണ്ടത്. ഇതിൽ ചിലത് താരതമ്യേന കടുപ്പമായിരുന്നു. നാല് ചോദ്യങ്ങൾ ശ്രദ്ധിച്ച് തിരഞ്ഞെടുത്തവർ കൂടുതൽ മാർക്ക് നേടുമെന്ന് അദ്ധ്യാപകർ പറഞ്ഞു. മുൻ വർഷത്തെ ചോദ്യപ്പേറിൽ മികച്ച കുട്ടികളാണ് കൂടുതൽ മാർക്ക് നേടിയത്. ഈ വർഷം അത്രപോലും കടുപ്പമില്ലായിരുന്നുവെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. ഇനി അഞ്ച് പരീക്ഷകളുണ്ട്. തിങ്കളാഴ്ച ജോഗ്രഫി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്.