മിസോറം ഗവർണർ സ്ഥാനം രാജിവച്ച് കുമ്മനം വരുന്നു
ന്യൂഡൽഹി /തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ സ്ഥാനാർത്ഥിയാക്കാനായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ പാർട്ടി കേന്ദ്ര നേതൃത്വം മിസോറം ഗവർണർ സ്ഥാനം രാജിവയ്പിച്ചു. രാജി സ്വീകരിച്ച രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അസാം ഗവർണർ ജഗദീഷ് മുഖിക്ക് മിസോറാമിന്റെ ചുമതല കൂടി നൽകി.
കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയും ഗ്ളാമർ താരവുമായ ശശി തരൂരും സി.പി.ഐയുടെ മുതിർന്ന നേതാവ് സി. ദിവാകരനും ബി. ജെ. പിയുടെ തുറപ്പു ചീട്ടായി കുമ്മനവും പടയ്‌ക്കിറങ്ങുമ്പോൾ സംസ്ഥാനത്തെ ഏറ്റവും കടുത്ത ത്രികോണപ്പോരിന് തിരുവനന്തപുരം വേദിയാകും. ബി.ജെ.പി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് 2018 മേയ് 25നാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശ്രീധരൻപിള്ളയെ പിന്നീട് സംസ്ഥാന അദ്ധ്യക്ഷനാക്കി. വിഭാഗീയത നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ മെഡിക്കൽ കോഴ ആരോപണവുമാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കുമ്മനത്തെ മാറ്റാൻ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഗവർണറാകാൻ ആദ്യം വിമുകനായിരുന്ന കുമ്മനം പിന്നീട് വഴങ്ങിയത് വൈകാതെ സംസ്ഥാന രാഷ്‌ട്രീയത്തിൽ മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ്.
ആർ.എസ്.എസ് സമ്മർദ്ദത്തിൽ കുമ്മനത്തിന് നറുക്ക്
തിരുവനന്തപുരം: കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാൻ ഏറ്റവും ശക്തമായി വാദിച്ചത് സംസ്ഥാന ആർ.എസ്.എസ് നേതൃത്വമാണ്. അടുത്തിടെ ബി.ജെ. പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പാലക്കാട്ട് വന്നപ്പോൾ ആർ.എസ്.എസ് പ്രതിനിധിസംഘം പ്രത്യേകമായി സന്ദർശിച്ച് ആവശ്യം കടുപ്പിച്ചു. ഗ്വാളിയറിൽ നടന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ കേരള ഘടകം സമ്മർദ്ദം ശക്തമാക്കി. ഇതിന് വഴങ്ങിയാണ് പാർട്ടി കുമ്മനത്തിന് പച്ചക്കൊടി കാട്ടിയത്.
ഗവർണർ പദവിയിലുള്ള മറ്റ് ചില ഉത്തരേന്ത്യൻ നേതാക്കളും പാർട്ടി ടിക്കറ്റിനായി ശ്രമിക്കുമ്പോൾ കുമ്മനത്തെ മാത്രം സ്ഥാനാർത്ഥിയാക്കാൻ ദേശീയ നേതൃത്വത്തിന് വൈമുഖ്യമുണ്ടായിരുന്നു. എന്നാൽ, പ്രവർത്തകർക്കിടയിൽ മുൻനിര നേതാക്കൾ നടത്തിയ അഭിപ്രായരൂപീകരണത്തിലും കുമ്മനത്തിന് മേൽക്കൈയുണ്ടായി. കുമ്മനമല്ലാതെ മറ്റാർക്കും ഇവിടെ പ്രാമുഖ്യമില്ലെന്ന റിപ്പോർട്ട് സംസ്ഥാന ബി.ജെ.പി നേതൃത്വവും കൈമാറി. തുടർന്ന് മൂന്നു നാൾ മുമ്പ് കേന്ദ്രനേതൃത്വം അനുകൂലിക്കുകയായിരുന്നു.
കുമ്മനത്തിലൂടെ ലക്ഷ്യം
കുമ്മനത്തിലൂടെ ഉന്നമിടുന്നത് എൻ.എസ്.എസ് പിന്തുണയാണ്. ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടും ആർ.എസ്.എസ് നേതൃത്വത്തിന് തിരുവനന്തപുരത്തെ എൻ.എസ്.എസിലുള്ള സ്വീകാര്യതയും തുണയാകുമെന്നാണ് വിലയിരുത്തൽ. സംഘപരിവാറിൽ കുമ്മനത്തിനുള്ള സ്വീകാര്യതയും അനുകൂലഘടകമായി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരപരിധിയിലെ നാല് മണ്ഡലങ്ങളിൽ ഒ. രാജഗോപാൽ ഒന്നാമതെത്തിയതും നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാൽ വിജയിച്ചതുമെല്ലാമാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത്. നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങളിൽ രാജഗോപാൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായി. അവിടെ മൂന്നിടത്തും ശശി തരൂർ ഒന്നാമതും ബെന്നറ്റ് എബ്രഹാം രണ്ടാമതുമായി. വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ രാജഗോപാൽ ഒന്നാമതും തരൂർ രണ്ടാമതുമായപ്പോൾ ബെന്നറ്റ് മൂന്നാമതായി. തരൂരിനെ അവസാനനിമിഷം തുണച്ചത് നാല് നിയമസഭാ മണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന തീരദേശ വോട്ടുകളാണ്.
മുന്നണി പ്രതീക്ഷകൾ
സി. ദിവാകരൻ
മണ്ഡലത്തിലെ പരമ്പരാഗതമായ ഇടത് സ്വാധീനം. ശബരിമല വിവാദത്തിൽ കുഴഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിൽ ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളിൽ വിള്ളലുണ്ടാകുമെന്ന പ്രതീക്ഷ. തീരദേശ, ന്യൂനപക്ഷ വോട്ടുകൾ പരമാവധി അനുകൂലമാക്കുന്ന പ്രചാരണതന്ത്രം. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണവും ആയുധം.
ശശി തരൂർ
പൊതു സ്വീകാര്യതയ്ക്കൊപ്പം തീരദേശ മേഖലയിലെ കഴിഞ്ഞതവണത്തെ അനുകൂല സാഹചര്യം നിലനിറുത്തുക. പരമ്പരാഗത നാടാർ മേഖലയിലും സ്വീകാര്യത. ശബരിമല രാഷ്ട്രീയത്തിൽ വിശ്വാസിവികാരം അനുകൂലമാകുമെന്ന പ്രതീക്ഷ. അത് പരമാവധി ഉപയോഗപ്പെടുത്തുന്ന പ്രചാരണം.
കുമ്മനം
എല്ലാ ഹൈന്ദവസംഘടനകളിലുമുള്ള സ്വാധീനം. ശബരിമല വിഷയത്തിലെ വിശ്വാസി വികാരം പൂർണമായി അനുകൂലമാകുമെന്ന ആർ.എസ്.എസിന്റെ കണക്കുകൂട്ടൽ. 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ മുതൽ കിട്ടിയ സ്വീകാര്യത. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ രണ്ടാം സ്ഥാനം.