കാട്ടാക്കട: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കാട്ടാക്കടയിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലസ്രോതസുകളിലെ ജലത്തിന്റെ അളവ് തിട്ടപ്പെടുത്തൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിലുള്ള വെള്ളൂർക്കോണം കുളത്തിൽ സ്ഥാപിച്ച സ്കെയിലിലെ റീഡിംഗ് ഹരിതസമൃദ്ധി ആപ്പിലൂടെ രേഖപ്പെടുത്തി ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ നിർവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ, ഹരിതകേരളം മിഷൻ ടെക്നിക്കൽ അഡ്വൈസർ എബ്രഹാം കോശി, വി. ഹരിലാൽ, ഗ്രാമപഞ്ചായത്ത് അംഗം രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
വേനൽക്കാലത്തെ നേരിടുന്നതിന്റെ മുന്നൊരുക്കങ്ങളുമായാണ് പദ്ധതി. നിയോജകമണ്ഡലത്തിലെ 100 കുളങ്ങളിൽ സ്കെയിലും ബോർഡും സ്ഥാപിക്കും. കുളങ്ങളിലെ സ്കെയിലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി 'ഹരിത സമൃദ്ധി' എന്ന പേരിൽ മൊബൈൽ ആപ്പും വികസിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ കുളങ്ങളിലും ജലനിരപ്പ് നിരീക്ഷിക്കുന്നതിനുള്ള സ്കെയിൽ സ്ഥാപിച്ച് വിവരശേഖരണം നടത്തി ജലത്തിന്റെ അളവ് തിട്ടപ്പെടുത്തി വെബ്സൈറ്റിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കാട്ടാക്കട പഞ്ചായത്തിലെ 20 കുളങ്ങളിൽ പരിപാടി പൂർത്തിയായി. മറ്റ് അഞ്ച് പഞ്ചായത്തുകളിൽ സ്കെയിൽ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. ഓരോ കുളത്തിലും നിലവിൽ എത്ര ലിറ്റർ വെള്ളമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്കെയിലിനോടൊപ്പം സ്ഥാപിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് ഏതു കുളത്തിൽ നിന്ന് ജലമെത്തിക്കാൻ കഴിയുമെന്ന തരത്തിൽ കൃത്യമായ ആസൂത്രണം നടത്തുന്നതിനും കഴിയും.