തിരുവനന്തപുരം: ജോലിക്കെത്തിയ കടയിൽ നിന്ന് പതിനായിരം രൂപ അടിച്ചുമാറ്റിയത് കൈയ്യോടെ പൊക്കിയ കടയുടമയെ മോഷണക്കേസിൽ കുടുക്കാൻ ഭവനഭേദനം നടത്തി സ്വയം കുടുങ്ങിയാണ് തമിഴ്നാട് കൊല്ലങ്കോട് പാലവിള ആനവിളവീട്ടിൽ രാജേഷിന്റെ (36) തസ്കര ജീവിതത്തിന്റെ തുടക്കം. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായതോടെയാണ് ഇയാളുടെ ഇതുവരെയുള്ള 'വീരകൃത്യങ്ങൾ' പുറത്തായത്.
പഠനം നിറുത്തി പ്രായപൂർത്തിയാകും മുമ്പ് ജോലി അന്വേഷിച്ച് മംഗലാപുരത്തിന് വണ്ടികയറിയ രാജേഷ് ഉഡുപ്പിയിലാണ് ചെന്നുപെട്ടത്. അവിടെ ഒരു ഫർണിച്ചർ സ്ഥാപനത്തിൽ സെയിൽസ് മാനായി. നല്ലനിലയിൽ ബിസിനസ് നടന്നുവന്ന കടയിൽ നോട്ടുകെട്ടുകൾ രാജേഷിന്റെ കണ്ണ് മഞ്ഞളിപ്പിച്ചു. കൗണ്ടറിൽ നിന്ന് 10000 രൂപ അടിച്ചുമാറ്റി. കണക്ക് ക്ളോസ് ചെയ്തപ്പോൾ കുറവ് ബോദ്ധ്യപ്പെട്ട കടയുടമയുടെ ചോദ്യം ചെയ്യലിൽ രാജേഷ് പരുങ്ങി. അതോടെ കടയുടമയോട് വൈരാഗ്യമായി.
കടയിൽ നിന്ന് പുറത്തായെങ്കിലും ഉഡുപ്പി വിട്ടുപോകാതിരുന്ന രാജേഷ് കടയുടമയെ കുടുക്കാനുള്ള മാർഗങ്ങളെപ്പറ്രി ചിന്തിച്ചു. കടയ്ക്ക് സമീപത്തെ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ടു. പിടിക്കപ്പെട്ടാൽ കടയുടമയുടെ പേര് പറഞ്ഞ് അയാളെ കുടുക്കാനായിരുന്നു ഉദ്ദേശം. കോടികൾ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ കവർന്ന രാജേഷ് വിൽപ്പനക്ക് മംഗലാപുരത്തെ സുഹൃത്തിന്റെ സഹായം തേടി. മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഒരു ടെലിഫോൺ ബൂത്തിൽ നിന്ന് ആരെയോ വിളിച്ച് ഡയമണ്ട് വിൽക്കാനുളളതായി അറിയിച്ചു. ഉച്ചത്തിലുള്ള സംഭാഷണം കേട്ട ബൂത്തുടമ വിവരം പൊലീസിന് കൈമാറി. പൊലീസ് ഫോൺചെയ്ത യുവാവിനെ പൊക്കി. ചോദ്യം ചെയ്യലിൽ രാജേഷിന്റെ റൂമിൽ നിന്ന് തൊണ്ടി കണ്ടെത്തി. ഫർണിച്ചർ വ്യാപാരിയെ ലക്ഷ്യം വച്ച ഓപ്പറേഷൻ തിരിച്ചടിച്ചതോടെ ഭവനഭേദനത്തിന് സുല്ലിട്ടെങ്കിലും മോഷണത്തിൽ നിന്ന് പിന്തിരിയാൻ രാജേഷ് കൂട്ടാക്കിയില്ല.
ഒറ്റയ്ക്ക് ഓപ്പറേഷൻ
തമിഴ്നാട്ടിലും കേരളത്തിലും നിരവധി കവർച്ചകൾ നടത്തിയ രാജേഷ് ഓപ്പറേഷനുകൾക്ക് ആരെയും കൂട്ടാറില്ല. ഒറ്റുമെന്ന ഭയമാണ് കാരണം. തമിഴ്നാട് അതിർത്തിയിൽ താമസിച്ചശേഷം നഗരങ്ങളിലെത്തി കവർച്ച നടത്തി മടങ്ങുന്നതാണ് രീതി. ഉച്ചയോടെ വണ്ടികയറി രാത്രി ലക്ഷ്യസ്ഥാനത്തെത്തും. ഒരു കുപ്പി മദ്യം വാങ്ങി കറങ്ങും. അതിനിടെ കട കണ്ടെത്തും. പരിസരത്ത് ആളൊഴിഞ്ഞ കോണിൽ ക്യാമ്പ് ചെയ്യും. കട അടയ്ക്കുമ്പോൾ രണ്ട് പെഗ്ഗ് അടിച്ചശേഷം ടെറസ് വാതിൽ വഴിയോ മച്ച് പൊളിച്ചോ അകത്ത് കടക്കും. കൈവശമുള്ള ചെറിയ പാര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിലെത്തി മേശയോ ലോക്കറോ തകർക്കും. പണവുമായി പുറത്ത് കടന്ന് ശേഷിക്കുന്ന മദ്യവും അകത്താക്കി വിശ്രമിക്കും. നേരം പുലർന്ന് ആളനക്കമായശേഷം കൂളായി റോഡിലിറങ്ങി സ്ഥലം വിടും.
ഈറോഡിൽ കൂറ്റൻ ബംഗ്ളാവ്
മലബാറിലും ഉഡുപ്പിയിലും വമ്പൻ മോഷണങ്ങൾ നടത്തിയ രാജേഷ് ഇതിൽ നിന്ന് ലഭിച്ച ലക്ഷങ്ങൾ മുടക്കി ഈറോഡിൽ കൂറ്റൻ ബംഗ്ളാവ് പണിതെങ്കിലും തമിഴ്നാട്ടിൽ പിടിയിലായതോടെ വീടും സ്വത്തുക്കളും പൊലീസ് കോടതി മുഖാന്തിരം ജപ്തി ചെയ്തു. തമിഴ്നാട് പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെയാണ് കേരളത്തിലേക്ക് താവളം മാറ്റിയത്. പൊള്ളാച്ചി, ഈറോഡ്, സേലം, മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങളിൽ ഡസൻ കണക്കിന് മോഷണക്കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം നഗരത്തിലും നിരവധി കവർച്ചകൾ നടത്തി. പഴവങ്ങാടി ചെല്ലം അംബ്രല്ലാ മാർട്ട്, തമ്പാനൂർ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ്, ആയുർവേദ കോളേജ് ജംഗ്ഷനിലെ കേരള സ്റ്റേറ്റ് റുട്ടോണിക്സ്, കരമനയിലെ എൽജി, പാനസോണിക് ഷോറും, ലക്ഷ്മി ഇലക്ട്രിക്കൽസ് എന്നിവിടങ്ങളിലായിരുന്നു കവർച്ച . മോഷണത്തിനിടെ കാമറയിൽ കുടുങ്ങിയ രാജേഷിനെ തമിഴ്നാട് ഷാഡോ പൊലീസ് സംഘത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞാണ് സിറ്റി പൊലീസ് പൊക്കിയത്.