fathima

തിരുവനന്തപുരം: ഒടുവിൽ, ഇരുപത്തിരണ്ടാം വയസിൽ ജീവിതത്തിലാദ്യമായി പാത്തു എഴുന്നേറ്റുനിന്ന് ചിരിച്ചു. ഒന്നനങ്ങിയാൽപ്പോലും പൊടിയുന്ന അസ്ഥികളെ വിദഗ്ദ്ധ ചികിത്സകൾക്കൊപ്പം ഉറപ്പിച്ചത് ഫാത്തിമയുടെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും.

കൂട്ടുകാരി വീൽചെയറിന്റെ പിടിവിട്ട് കാലുറപ്പിച്ചു നിന്നതു കണ്ട് കോട്ടയം ആതുരാശ്രം എൻ.എസ്.എസ് മെഡിക്കൽ കോളേജിലെ സഹപാഠികൾക്ക് ആവേശം. കോഴിക്കോട് താമരശേരി തച്ചംകോയിലെ വട്ടിക്കുന്നുമ്മൽ വീട്ടിലാകട്ടെ, ആഹ്ളാദത്തിന്റെ മിഴിനിറയ്‌ക്കുന്ന ആഘോഷം.

ജനിച്ച് മൂന്നാം ദിവസം കുഞ്ഞുപാത്തുവിന്റെ ഇടത് കാലിന്റെ തുടയെല്ല് പൊട്ടി. അന്നാദ്യമായി അവൾക്കു പ്ളാസ്റ്ററിട്ടു. പിന്നീടിങ്ങോട്ട് ഇടത് കാലിലെ അസ്ഥികൾ മാത്രം പൊട്ടിയത് അറുപതിലേറെ തവണ. പ്ളാസ്റ്ററിൽ പൊതിഞ്ഞ പെൺകുഞ്ഞ് !

പിച്ച നടക്കേണ്ട പ്രായത്തിൽ വീൽചെയറിൽ...സ്‌കൂളിലയയ്‌ക്കേണ്ട പ്രായമായപ്പോൾ ഉമ്മ ആമിന അവളെയുമെടുത്ത് പൂനൂർ യു.പി സ്‌കൂളിലേക്കു നടന്നു. കർഷകനായ വാപ്പ അബ്‌ദുൾ നാസറിനും വാശിയായിരുന്നു. വേദനകൾക്കു മാത്രമായി മകളെ വിട്ടുകൊടുക്കാതെ അവർ കൂടെനിന്നു. എല്ലുകൾ പൊട്ടുന്നതു മാത്രമായിരുന്നില്ല പ്രശ്‌നം. നട്ടെല്ലിന്റെ വളവു കാരണം ശ്വാസമെടുക്കാനും പ്രയാസം.

താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ പഠനം കഴിഞ്ഞപ്പോഴാണ് ഫാത്തിമ ആഗ്രഹം പറഞ്ഞത്: ഹോമിയോ ഡോക്‌ടറാകണം. വീൽചെയറിലിരുന്ന് ഫാത്തിമയുടെ സ്വ‌പ്‌നങ്ങൾ ആത്മവിശ്വാസത്തിന്റെ ചിറകു വിരിച്ചു. കോട്ടയത്തെ ആതുരാശ്രം ഹോമിയോ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ശരിയായി. പക്ഷേ, വീൽചെയർ വിടാനാകാത്ത മകളെ എങ്ങനെ ഒറ്റയ്‌ക്ക് ദൂരത്തയയ്‌ക്കും? ഇല്ലായ്‌മകൾക്കിടയിലും കുടുംബം കോട്ടയത്ത് വാടകവീടെടുത്ത് താമസം മാറ്റി.
രണ്ടു മാസം മുമ്പ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് നിവർന്നു നിൽക്കാനും കുറേശെ നടക്കാനും കഴിയുന്നതെന്ന് ഫാത്തിമ പറയുന്നു.

ഫാത്തിമയുടെ അനുജൻ അഹമ്മദ് അഫ്‌സൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ബി.ഫാമിന് പഠിക്കുന്നുണ്ട്. ജ്യേഷ്‌ഠൻ മുഹമ്മദ് അസ്‌ലം നാട്ടിൽ പണിക്കു പോകുന്നു. ചേച്ചി ആയിഷ അനുവിന്റെ നിക്കാഹ് കഴിഞ്ഞു.

വീൽചെയർ ഫാത്തിമയ്‌ക്കു നൽകിയ വലിയ സമ്മാനം വായനയാണ്. അങ്ങനെ എഴുത്തിന്റെ ലോകത്തേക്കും കടന്നു. സോഷ്യൽ മീഡിയയിൽ സജീവമായി. യൂ ട്യൂബിൽ 'ഡ്രീം ബിഫോർ ഇൻഫിനിറ്റി' എന്ന വ്ലോഗിലും അതേ പേരിലുള്ള ബ്ലോഗിലും പാത്തു പങ്കുവയ്‌ക്കുന്ന ആത്മവിശ്വാസത്തിന്റെ കഥകൾക്ക് ആരാധക‌‌ർ ആയിരക്കണക്കിന്.