നെയ്യാറ്റിൻകര: നൂറുകണക്കിന് കുടുബങ്ങളുടെ അത്താണിയായ കൈത്തറി നെയ്തു - ചെറുകിട വ്യവസായത്തിന്റെ ഇഴയുന്ന തറിയൊച്ച ഇന്ന് ഏതാണ്ട് നിലയ്ക്കാറായി.
മാരായമുട്ടം, മഞ്ചവിളാകം, ബാലരാമപുരം, അരുവിപ്പുറം, ഇരുവൈക്കോണം, അവണാകുഴി തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ഈ പരമ്പരാഗത വ്യവസായം മിക്കകുടുംബങ്ങളും ഉപേക്ഷിച്ച മട്ടാണ്. വിദേശരാജ്യങ്ങളിലുൾപ്പെടെ നിരവധി ആവശ്യക്കാരുള്ള ഈ വ്യവസായം അധികൃതരുടെ അനാസ്ഥ കാരണം വ്യവസായം കൂപ്പുകുത്താൻ കാരണമായതെന്നാണ് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നത്.
കുഴിത്തറിയിലും ഷട്ടിൽതറിയിലും മറ്റും തൊഴിലാളികൾ കൈകൊണ്ട് നെയ്‌തെടുത്തിരുന്ന പരുത്തിത്തുണികൾക്ക് വിദേശങ്ങളിൽ ഇപ്പോഴും പ്രിയമേറെയാണ്. അടുത്തിടെ നിരവിധി രോഗങ്ങൾ മാറാനായി ബാലരാമപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നൂതന സംരംഭത്തിന് സർക്കാർ പ്രോത്സാഹനം ഇല്ലാത്തത് കാരണം പ്രതീക്ഷിച്ചത്ര മേൽഗതിയുണ്ടായില്ല. ഒണം സീസൺ ഒഴിച്ചാൽ കൈത്തറി തൊഴിലാളികളുടെ കുടുംബം ഇപ്പോഴും പട്ടിണിയിൽ തന്നെയാണ് കഴിയുന്നത്. ശാലിമാർ തെരുവിലെ നൂറുകണക്കിന് നെയ്ത്ത് ശാലകളിൽ ഇന്ന് ബാക്കിയുള്ളത് വിരലിലെണ്ണാവുന്നവ മാത്രമാണ്. പരമ്പരാഗത കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന പദ്ധിതികളൊന്നും ഒറ്റത്തറിക്കാർക്ക് പ്രയോജനപ്പെട്ടതുമില്ല.
ബാലരാമപുരം കൈത്തറി വസ്ത്ര നെയ്ത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. കുഴിത്തറി നെയ്‌ത്തും മേൽത്തറി നെയ്ത്തും.
കുഴിത്തറി നെയ്ത്ത്
ഒരു മീറ്റർ ആഴവും വീതിയും നിളവുമുള്ള കുഴികളാണ് കുഴിത്തറിക്ക് ഉപയോഗിക്കുന്നത്. ഈ തറികളിലെ നൂലുകൾ താങ്ങി നിറുത്തുന്നതിനെ വടുമ്പ എന്നും തറിയെ പൂർണമായും നിയന്ത്രിക്കുന്നതിനും നിവർത്തി നിറുത്തുന്നതിനും ഉപയോഗിക്കുന്നതിനെ കീഴേക്കുറ്റി എന്നും പറയുന്നു. നൂലുകൾ കെട്ടി നിറുത്തുന്നതിന് ‘കുരങ്ങാടിയും’ നൂലുകൾ പിടിച്ചു വിടുന്നതിന് ‘പടി’യും ഉപയോഗിച്ചാണ് കുഴിത്തറിയുടെ പ്രവർത്തനം. ഈ കുഴിയിൽ ഇറങ്ങിനിന്ന് ഒറ്റ ബൾബിന്റെ വെളിച്ചത്തിൽ ഒരു കൈകൊണ്ട് പിഴുത് എറിഞ്ഞ് മറുകൈകൊണ്ട് പിടിച്ചെടുത്ത് ഇഴയെണ്ണിയാണ് കുഴിത്തറിയിലെ നെയ്‌ത്ത്. അതുകൊണ്ടുതന്നെ ഒരു പുടവ നെയ്യാൻ ഏഴു മുതൽ പത്തു ദിവസംവരെ വേണ്ടിവരും.
നൂലുകൾ കെട്ടി നിറുത്തുന്നതിന് ‘കുരങ്ങാടിയും’ നൂലുകൾ പിടിച്ചു വിടുന്നതിന് ‘പടി’യും ഉപയോഗിച്ചാണ് കുഴിത്തറിയുടെ പ്രവർത്തനം.
മേൽത്തറി നെയ്ത്ത്
3 മീറ്റർ നീളമുള്ള മരം കൊണ്ട് നിർമ്മിച്ച സ്റ്റാൻഡിൽ ലോളർ കൊണ്ട് പാവ് ചുറ്റി നെയ്ത്തിനുള്ള വിഴുതിൽ നിന്നും ചെറിയ സൂചി കൊണ്ട് ഇഴകൾ അച്ചിലേക്ക് തോണ്ടിയെടുക്കും. അതിന് ശേഷം നിശ്ചയിച്ച ഡിസൈനിൽ നെയ്തെടുക്കും. തോണ്ടിയെടുക്കുന്ന നൂലിഴകൾ തിരിച്ച് വിട്ടുപോകാത്ത തരത്തിൽ കെട്ടിനിറുത്തിയാണ് നെയ്യുന്നത്. അതുകൊണ്ടുതന്നെ അടുത്ത ഇഴകളാണ് മേൽത്തറിയിൽ നിർമ്മിക്കുന്ന പുടവകളുടെ പ്രധാന മേൽമയും.
ഒരു കാലത്ത് ഒരു സമുദായത്തിന്റെ മാത്രം കുലത്തൊഴിലായിരുന്ന കൈത്തറി വ്യവസായത്തെ പരിപോഷിപ്പിക്കാനായി
ബാലരാമവർമ്മയുടെ നിർദ്ദേശാനുസരണം ഏഴു കുടുംബങ്ങളെ ബാലരാമപുരത്തെ കൊണ്ടു വന്നു താമസിപ്പിച്ചു.
നെയ്ത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളും സംവിധാനവും ലഭ്യമാക്കി. ഇവർ രാജകുടുംബത്തിനുവേണ്ടി മുണ്ടും പുളിയലക്കര നേര്യതുമായിരുന്നു ആദ്യകാലങ്ങളിൽ നെയ്തിരുന്നത്. പാരമ്പര്യത്തിന്റെ നൂലിഴ പൊട്ടാതെ ഇന്നും ഇവിടത്തെ 'ശാലിയ തെരുവിൽനിന്നും കൈത്തറി ഉത്പാദനം നടക്കുന്നുണ്ട്. പിന്നീട് മിൽതുണികളുടെ വരവോടെ കൈത്തറിയുടെ തറിയൊച്ച പലയിടത്തും നിലച്ചു തുടങ്ങി.
കുറഞ്ഞ വിലക്ക് മിൽ വസ്ത്രങ്ങൾ ലഭ്യമായതോടെ ആൾക്കാരും മിൽതുണികൾ വാങ്ങുവാൻ തുടങ്ങിയത് കൈത്തറിക്ക് കുഴിമാടമൊരുക്കി. കസവിന് പകരം മിനുക്ക് ഉപയോഗിച്ച് മില്ലിൽ നെയ്‌തെടുക്കുന്ന തുണിക്ക് കൈത്തറി വസ്ത്രങ്ങലെക്കാൾ പകുതിയോളമേ വില വരൂ. ഇത്തരത്തിൽ വിപണയിൽ നിന്നും ഗുണമേന്മയുള്ള യാഥാർത്ഥ കൈത്തറി പുറം തള്ളപ്പെട്ടത് പരമ്പാരാഗതമായ വ്യവസായത്തകർച്ചക്ക് കാരണമായി. കൈത്തറി നെയ്തു തൊഴിലാളികളിൽ നിന്നും വസ്ത്രങ്ങൾ ശേഖരിക്കുന്നതിന് പകരം തമിഴ്നാട്ടിലെ മില്ല് തുണികൾവാങ്ങിക്കൂട്ടി കൈത്തറിയെന്ന വ്യാജേന കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തുടങ്ങിയതോടെ ശുദ്ധമായ കൈത്തറി വസ്ത്രങ്ങൾ വിപണിയിൽ പിൻതള്ളപ്പെട്ടു.