shyalaja

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ലിയു.എസ്) പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ നിർമ്മിച്ച പേ വാർഡ് കെട്ടിടത്തിന്റെയും ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച എ.സി.ആർ ലാബിന്റെയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.

മാസ്റ്റർ പ്ലാൻ പൂർത്തീകരിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കുന്ന ആയുർവേദ പഞ്ചകർമ്മ ചികിത്സാ കേന്ദ്രമായി ഈ ആശുപത്രി മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കൗൺസിലർ ബി. വിജയലക്ഷ്മി, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഉഷാകുമാരി, ആയുർവേദ കോളേജ് പ്രിൻസിപ്പൽ ലിൻസി കുര്യാപ്പിള്ളി, കെ.എച്ച്.ആർ.ഡബ്ലിയു.എസ്. മാനേജിംഗ് ഡയറക്ടർ ജി. അശോക് ലാൽ, പഞ്ചകർമ്മ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. നജുമ എന്നിവർ പങ്കെടുത്തു.

മാസ്റ്റർ പ്ലാൻ ഇങ്ങനെ

ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. 18 കോടിയുടെ ജെറിയാടിക് കെയർ സെന്റർ, 35 കോടിയുടെ പാരാ സർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, 3.2 കോടിയുടെ ലേഡീസ് ഹോസ്റ്റൽ, കുളം നവീകരണം, 2 കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന കണക്ടിംഗ് കോറിഡോർ, ഫിസിയോ തെറാപ്പി യൂണിറ്റ്, വിശ്രമകേന്ദ്രം യോഗ ഹാൾ എന്നിവയാണ് മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പഞ്ചകർമ്മ ആശുപത്രിയിലെ പേ വാർഡ് കെട്ടിടത്തിൽ രോഗികൾക്ക് കിടക്കാനായി 38 മുറികളും ചികിത്സയ്ക്കായി 6 മുറികളുമാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ സംവിധാനങ്ങളും തെറാപ്പിസ്റ്റുകളെയും ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എച്ച്.ആർ.ഡബ്ലിയു.എസിന്റെ 13-ാമത്തെ എ.സി.ആർ ലാബാണ് ജനറൽ ആശുപത്രി അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനികവും വിദേശ നിർമ്മിതവുമായ ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്.