ഇന്ന് ഒരു ദിവസം നമ്മൾ ഏറ്റവും കൂടുതൽ കേട്ടുവരുന്ന വാക്കുകളിലൊന്നാണ് 'ദയ" എന്നത്. യാത്രക്കാർ 'ദയവായി" ശ്രദ്ധിക്കുക എന്നു റെയിൽവേ സ്റ്റേഷനുകളിലും 'ദയവായി" ക്യൂ പാലിക്കുക എന്നു ജനസേവനകേന്ദ്രങ്ങളിലും 'ദയവായി" പിരിഞ്ഞു പോവുക എന്നു ക്രമസമാധാനപ്രശ്നങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിലും 'ദയവായി" പ്രവേശിക്കരുത് എന്നു സംരക്ഷിതകേന്ദ്രങ്ങളിലും മറ്റും നിരന്തരം മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന 'ദയവ് "എന്ന പദം സൂചിപ്പിക്കുന്നത് മനുഷ്യനിൽ ദയവിന്റെ കുറവുണ്ടാകരുതെന്നും കുറവുണ്ടായാൽ മനുഷ്യനിലെ മനുഷ്യത്വം കെട്ടുപോകുവാൻ ഇടയാകുമെന്നുമാണ്. കാരണം മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. നിരന്തരം മറ്റുള്ളവരുമായും ഈ പ്രകൃതിയുമായും ബന്ധപ്പെട്ടുകൊണ്ടല്ലാതെ ഒരു മനുഷ്യനും അവന്റെ ജീവിതത്തെ മുന്നോട്ടു നയിക്കാനാവുകയില്ല.
പ്രകൃതിയിലെ എല്ലാ പ്രാണിവർഗങ്ങളിലുമിരിക്കുന്ന സ്രഷ്ടാവിന്റെ സാന്നിദ്ധ്യം പ്രത്യക്ഷമാവുന്നത് ദയയുടെ തെളിമയിലൂടെയാണ്. അതുകൊണ്ടുതന്നെ എപ്പോഴെല്ലാമാണോ ഒരുവൻ ദയവില്ലാത്തവനായി ഇരിക്കുന്നത് അല്ലെങ്കിൽ പെരുമാറുന്നത് അപ്പോഴെല്ലാം അവൻ സ്രഷ്ടാവിന്റെ സാന്നിദ്ധ്യത്തെ സ്വയം മറയ്ക്കുകയാണ് ചെയ്യുന്നത്. ഈ മറയലാണ് ഒരുവനിലെ മനുഷ്യത്വത്തെ കുറയ്ക്കുന്നതും മനുഷ്യേതരമായ വൈകാരികേച്ഛകളെ ആളിക്കത്തിക്കുന്നതും.
ഒരു മനുഷ്യൻ മനുഷ്യനെന്ന നിലയിൽ സ്വീകാര്യനാവുന്നതും വിജയിക്കുന്നതും കൃതകൃത്യനാകുന്നതും പൂർണനാകുന്നതും മനുഷ്യത്വത്തിന്റെ കുറവ് ഇല്ലാതിരിക്കുമ്പോഴാണ്. ഒന്നിന്റെ കുറവ് ഇല്ലാതിരിക്കുകയെന്നാൽ അത് കൂടുതലായി ഭവിക്കുക എന്നല്ല അർത്ഥം. മറിച്ച് ഏതു നിലയിലാണോ അത് നിലകൊള്ളേണ്ടത് ആ നിലയിലിരിക്കുക എന്നതാണ്. അപ്പോഴാണ് ഒരുവന് ഈ പ്രപഞ്ചത്തിൽ സാക്ഷിയായും അനുഭാവിയായും ഇരുന്നുകൊണ്ട് ജീവിതത്തെ തണലും ഫലവുമേകുന്ന സമൃദ്ധമായൊരു ഫലവൃക്ഷം പോലെ ആനന്ദദായകമാക്കിത്തീർക്കാനാവുന്നത്. അതുകൊണ്ടാണ് നടുനിലയിലിരുന്നു സൗഖ്യം നേടണമെന്നു ശ്രീനാരായണഗുരുദേവൻ ഉപദേശിക്കുന്നത്. ആ നടുനിലയിലേക്ക് മനുഷ്യനെ ഉയർത്തുന്ന മാനവിക മൂല്യങ്ങളിൽ പ്രധാനമാണ് ദയ. അതുകൊണ്ടുതന്നെ ദയ ഇല്ലാത്ത ഒരുവന് മറ്റ് എന്തെല്ലാം ഗുണഗണങ്ങളുണ്ടായാലും അവനു പൂർണനായ ഒരു മനുഷ്യനായി രൂപാന്തരപ്പെടുവാൻ ആവുകയില്ല.
മനുഷ്യനെയും മനുഷ്യനെയും, മനുഷ്യനെയും മറ്റു പ്രാണിവർഗ്ഗങ്ങളെയും, മനുഷ്യനെയും പ്രകൃതിയെയും യോജിപ്പിച്ചുനിറുത്തുന്ന ഈശ്വരന്റെ ഒരു ഹരിതച്ചങ്ങലയാണ് ദയ എന്നത്. ദയ ഉള്ളവനിലേ സ്നേഹം വിളയുകയുള്ളൂ. ത്യാഗവും ക്ഷമയും സഹാനുഭൂതിയും സാഹോദര്യവുമൊക്കെ പുലരുന്നത് ദയയുടെ അലിവിലാണ്. ചുരുക്കിപ്പറഞ്ഞാൽ ദയയുടെ അനുപമമായ വായ്പിലാണ് മനുഷ്യനും ലോകവും പ്രകൃതിയും ഭദ്രമാകുന്നത്. അതില്ലാതായാൽ ഭൂമിയിൽ വെറുപ്പിന്റെ മരുഭൂമികൾ ഉണ്ടാകും. നീരിനു പകരം നിണമൊഴുകുന്ന പുഴകളുണ്ടാവും. അശാന്തിയുടെ ശ്മശാനങ്ങളുണ്ടാവും. മനുഷ്യൻ പൊട്ടിത്തെറിക്കുന്ന പുൽവാമകൾ ഉണ്ടാവും.
ഇതൊക്കെ ദീർഘദർശനം ചെയ്തറിഞ്ഞവരായിരുന്നു ഗുരുക്കന്മാർ. അതുകൊണ്ടാണ് അവർ മൗനികളായിരുന്നിട്ടും ദയയെപ്പറ്റി പറയാൻ മൗനം വെടിഞ്ഞത്. പ്രാചീന ചൈനയിലെ മഹാത്യാഗിയായിരുന്ന ലാവോത്സു ദയയുടെ ആകാശസമുദ്രങ്ങളെ തീർക്കുവാനുള്ള മൂന്നു പുടങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മനുഷ്യൻ അവന്റെ വ്യവഹാരദശയിൽ സദാനേരവും ഓർത്തിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ ആ മൂന്നു പുടങ്ങൾ ഇവയാണ് :
'വാക്കുകളിലെ ദയ ആത്മവിശ്വാസം പകർന്നുതരും. ചിന്തയിലെ ദയ വിനയം പകർന്നുതരും. അതുപോലെ തന്നെ ദാനത്തിലെ ദയ അളവില്ലാത്ത സ്നേഹത്തെ പകർന്നുതരും.
ദയയില്ലാത്ത വാക്കുകൾകൊണ്ട് പോരടിക്കുന്ന മനുഷ്യർ കൂടിവരുന്ന ഇക്കാലത്ത് ആത്മവിരോധികൾ വർദ്ധിച്ചുവരിക സ്വാഭാവികമാണ്. ചിന്തയിലെ ദയയില്ലായ്മയിൽ നിന്നു കാട്ടുതീപോലെ ആളിപ്പടരുന്ന വിദ്വേഷത്തിന്റെ വിഷക്കാറ്റിൽ മനുഷ്യൻ മാത്രമല്ല അവനെ ആശ്രയിക്കുന്ന പ്രാണിവർഗങ്ങൾപോലും കെട്ടുപോകും. ഇങ്ങനെ ഊഷരമായിത്തീരുന്ന ഒരു ലോകത്തിന്റെ പിറപ്പിനു മനുഷ്യരിലെ ദയയില്ലായ്മ കാരണമായിത്തീരുമെന്നു തിരിച്ചറിഞ്ഞ ആധുനികയുഗത്തിന്റെ മഹർഷിയാണ് ശ്രീനാരായണഗുരുദേവൻ.
കാടും മേടുമില്ലാത്ത ഒരു പ്രകൃതി എങ്ങനെയാണോ പ്രകൃതിയുടെ ഗുണഗണങ്ങളെല്ലാമറ്റു പോകുന്ന ഒരു നിലയിലേക്ക് തരംതാഴുന്നത്, അതുപോലെ ദയയില്ലാത്ത മനുഷ്യൻ, ഒരു മനുഷ്യന്റെ ഗുണഗണങ്ങളെല്ലാമറ്റിരിക്കുന്ന നിർജ്ജീവതയിലേക്ക് വീണുപോകും. ഒരർത്ഥത്തിൽ വിദ്യാഭ്യാസവും തൊഴിലും ധനമേന്മയും ഒക്കെക്കൊണ്ട് ഭൗതികതയുടെ മിന്നാരങ്ങൾ പടുത്തുയർത്തുന്നവർ വളരുകയാണെന്നുതോന്നുമെങ്കിലും വാസ്തവത്തിൽ അവർ വളരുകയല്ല പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനു കാരണം പ്രകൃതിയുടെ ഹരിതമെന്നപോലെ മനുഷ്യത്വത്തിന്റെ ഹരിതമായിരിക്കുന്ന ദയയുടെ ഹനനമാണ്. അതിനാൽ ദയയുടെ പിറപ്പിനുള്ള ഒരു മൂല്യസംവേദനം നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
ഇവിടെ ആശ്വാസവും പ്രത്യാശയും നല്കുന്ന രണ്ടു രചനകളാണ് തൃപ്പാദങ്ങളുടെ അനുകമ്പാദശകവും ജീവകാരുണ്യപഞ്ചകവും. അരുളുള്ളവനാണ് ജീവിയെന്നും കൊല്ലുന്നവനു ഈ പ്രപഞ്ചത്തിൽ ഒരു കാലത്തും ആശ്രയമില്ലെന്നും അടിവരയിട്ടു സമർത്ഥിക്കുന്ന ഈ കൃതികൾ വായിച്ചും പഠിച്ചും ചിന്തിച്ചും വ്യാപിപ്പിച്ചും നമുക്ക് ദയയുടെ ഉയരം കൂട്ടാം. അങ്ങനെ പുൽവാമകൾ പെരുകിവരുന്ന ഈ ലോകത്ത് ഗുരുദർശനത്തിലധിഷ്ഠിതമായ വാക്കുകൾ കൊണ്ടും ചിന്തകൾ കൊണ്ടും കർമ്മങ്ങൾ കൊണ്ടും മൈത്രിയുടെ പുതിയ ഉയരങ്ങൾ കെട്ടിപ്പടുക്കാം.