തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വനിതാ മതിലിന് ലഭിച്ച അമേരിക്കൻ ബുക്ക് ഒഫ് റെക്കാഡ്, ഒഫീഷ്യൽ വേൾഡ് റെക്കാഡ്, വജ്ര വേൾഡ് റെക്കാഡ് എന്നീ പുരസ്‌കാരങ്ങളുടെ അംഗീകാര പത്രം വനിതാ മതിലിന്റെ സംഘാടകരായ സതീദേവിക്കും പുന്നല ശ്രീകുമാറിനും മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.
ഐ.സി.ഡി.എസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ളയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. പ്രവർത്തന മികവ് പുലർത്തിയ ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ, ജില്ലാ തലത്തിൽ മികച്ച അംഗൻവാടി തുടങ്ങിയവയ്ക്കുള്ള അവാർഡുകൾ മന്ത്രി കെ.കെ. ശൈലജ വിതരണം ചെയ്തു. വനിത ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ചെക്കപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് വി.കെ. മധു, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. മൃദുൽ ഈപ്പൻ, സ്റ്റേറ്റ് ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദി, വനിത വികസന കോർപറേഷൻ എം.ഡി. ബിന്ദു വി.സി, കെ.എസ്.എസ്.എം. എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുത്തു.