തിരുവനന്തപുരം: ഇടതു മുന്നണിയിൽ ഇക്കുറി സി.പി.എമ്മിനും സി.പി.ഐയ്‌ക്കുമേ സീറ്റുള്ളൂ എന്നത് നേരത്തേ തന്നെ ഏറക്കുറെ ഉറപ്പായായ കാര്യം. എങ്കിലും പ്രതീക്ഷ ബാക്കിവച്ച് കാത്തിരിപ്പായിരുന്നു, ജെ.ഡി.എസും ലോക് താന്ത്രിക് ജനതാദളും എൻ.സി.പിയും. ഇന്നലെ എൽ.ഡി.എഫ് യോഗത്തിലെ പ്രഖ്യാനത്തോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു. കയ്‌പുള്ള യാഥാർത്ഥ്യം പ്രതിഷേധം മറച്ചുവയ്‌ക്കാതെ അവർ അംഗീകരിച്ചു. മറ്റു കക്ഷികൾ നേരിയ പ്രതിഷേധസ്വരം പോലും പുറത്തെടുക്കാകെ പ്രഖ്യാപനം കേട്ടിരിക്കുകയും ചെയ്തു.
പതിനാറു സീറ്റിൽ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിന് അനുസൃതമായ വിധം യോജിപ്പോടെയാണ് മുന്നണിയോഗം തീരുമാനം അംഗീകരിച്ചതെന്ന് കൺവീനർ എ. വിജയരാഘവൻ പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനതാദൾ- എസിലെ എ. നീലലോഹിതദാസിനും എൻ.സി.പിയിലെ ടി.പി. പീതാംബരനുമായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത രോഷം, കമ്മ്യൂണിസ്റ്റ് കക്ഷികൾ മാത്രം സീറ്റ് പങ്കിട്ടതോടെ ഇടതു ജനാധിപത്യ മുന്നണി എന്നത്, ഇടതുമുന്നണി മാത്രമായെന്ന് നീലലോഹിതദാസ് പറഞ്ഞു. 1957-ലെപ്പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമുള്ള സംവിധാനം ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തവണത്തെ സീറ്റ് വിഭജനത്തോടെ ഇടതു ജനാധിപത്യ മുന്നണി എന്നതിന് പ്രസക്തി ഇല്ലാതായെന്ന് എൻ.സി.പി നേതാവ് ടി.പി. പീതാംബരനും പരിഭവം അറിയിച്ചു.
ഉഭയകക്ഷി ചർച്ചയിൽ മുന്നോട്ടുവച്ച ആവശ്യം അംഗീകരിക്കണമെന്ന മുഖവുരയോടെചർച്ച തുടങ്ങിവച്ചത് എൽ.ജെ.ഡിയിലെ എം.വി. ശ്രേയാംസ് കുമാറാണ്. സീറ്റ് നിഷേധിച്ചതിൽ പാർട്ടിയിൽ വലിയ പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 ഘടക കക്ഷികൾ ഉള്ള മുന്നണിയിൽ എല്ലാവർക്കും സീറ്റ് പ്രായോഗികമല്ലെന്നും ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത്തവണത്തെ സവിശേഷ സാഹചര്യം മാനിക്കണം. ഇടതുപക്ഷം നിർണ്ണായകമാകേണ്ടുന്ന തിരഞ്ഞെടുപ്പായതിനാൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതിലെ വികാരം എല്ലാവരും ഉൾക്കൊള്ളണമെന്നും യോജിച്ചു നിൽക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞപ്പോൾ, നിലവിലെ സാഹചര്യത്തിൽ ഘടകകക്ഷികൾ സീറ്റ് ആവശ്യപ്പെടരുതെന്ന് അഭ്യർത്ഥിച്ചത് ആർ. ബാലകൃഷ്ണപിള്ളയാണ്. 23 വർഷക്കാലം മുന്നണിക്ക് പുറത്തു നിൽക്കേണ്ടി വന്ന തങ്ങൾക്ക് ഇത്തവണ ഘടകകക്ഷിയെന്ന നിലയിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം പിന്മാറുന്നുവെന്ന് ഐ.എൻ.എൽ നേതാക്കളും പറഞ്ഞു. ജനതാദൾ-എസിന്റെ പ്രതിഷേധത്തെപ്പറ്റിയുള്ള ചോദ്യത്തിന്, മുന്നണിയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന കക്ഷിയാണ് അവരെന്ന് കൺവീനർ എ.വിജയരാഘവൻ മറുപടി നൽകി.