തിരുവനന്തപുരം : വേഷം മാറി ഒളിവിൽ കഴിഞ്ഞ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പിടികൂടാൻ ഒരു മാസം വേണ്ടിവന്നെങ്കിലും പൊലീസിന് ആശ്വാസം. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷെഫീഖിനെ പിടികൂടാൻ കഴിയാതെ വന്നതോടെ പ്രതിഷേധം രൂക്ഷമാകുകയും ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു .
ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം നടത്തിയ ഭഗീരഥ ശ്രമമാണ് ഫലം കണ്ടത്. എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ച് അന്വേഷണം ഊർജിതമാക്കി . എല്ലാ ബാങ്ക് അക്കൗണ്ടുകളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ സ്വന്തം അക്കൗണ്ട് വഴി ഇടപാടുകൾ നടത്താതിരിക്കാൻ ഇയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പൊലീസ് പിടികൂടിയ ഷെഫീഖിന്റെ ബന്ധു നൗഷാദാണ് മധുരയിൽ ഉണ്ടെന്ന് പറഞ്ഞത്. പൊലീസ് സംഘം ഷെഫീഖിനെ കണ്ടെങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടി. താടിയും,മുടിയും വെട്ടിയൊതുക്കി ഫ്രീക്കൻ ലുക്കിലേക്ക് മാറിയ ഷെഫീഖ് അൽഖാസിമിയെ തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലായിരുന്നു. ആരാണെന്ന് പൊലീസ് ചോദിച്ചപ്പോൾ ഷെഫീഖ് ആണെന്ന് മറുപടി പറഞ്ഞു. മാദ്ധ്യമങ്ങളിൽ ഷെഫീഖിന്റെ ചിത്രവും വാർത്തയും വന്നെങ്കിലും പുതിയ രൂപത്തിൽ ലോഡ്ജ് ഉടമ തിരിച്ചറിഞ്ഞില്ല.ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കിയപ്പോൾ ഷെഫീഖ് കുറ്റം സമ്മതിച്ചു . കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്നും പീഡനവിവരം പുറത്തുപറയരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നെന്നും മൊഴി നൽകി.