തിരുവനന്തപുരം : വനിതാദിനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വിവിധ മേഖലകളിലുള്ള സ്ത്രീകളെ ആദരിച്ചു. ദക്ഷിണ കേരള മഹായിടവക സ്ത്രീജനസഖ്യം മികവിനായി സന്തുലിതരാകുക എന്ന വിഷയത്തെ മുൻനിറുത്തി ലോക വനിതാദിനം ആചരിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. മഹായിടവക ബിഷപ്പ് എ.ധർമ്മരാജ് റസാലം അദ്ധ്യക്ഷത വഹിച്ചു. ഷേർളി റസാലം ഈ വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീശാക്തീകരണ നയം അവതരിപ്പിച്ചു. വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ മുഖ്യപ്രഭാഷണം നടത്തി. മഹായിടവക സെക്രട്ടറി ഡോ.പി.കെ. റോസ്ബിസ്റ്റ്, സ്ത്രീജനസഖ്യം സെക്രട്ടറി ഡോ. കവിതാ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.
കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചായിരുന്നു എ.ബി.വി.പി വനിതാ കൂട്ടായ്മ സംഘടിപ്പിച്ചത്. മക്കൾ നഷ്ടപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ എ.ബി.വി.പി നടത്തുന്ന സമര പരിപാടിയുടെ കാമ്പെയിന് തുടക്കം കുറിച്ചാണ് വനിതാ ദിനത്തിൽ വിദ്യാർത്ഥിനികൾ മാത്രം അണിനിരന്ന വനിതാകൂട്ടായ്മ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ചത്. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അപർണ വനിതാകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മനു, ദേശീയ സമിതി അംഗം സ്റ്റിനിജോൺ, രേഷ്മബാബു, സംസ്ഥാന ഭാരവാഹികളായ ശരണ്യ, ആതിര, കൃപ തുടങ്ങിയവർ സംസാരിച്ചു.
ഐ.എൻ.ടി.യു.സി വനിതാ തൊഴിലാളി വിഭാഗവും ജി.രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ സ്റ്രഡീസും സംയുക്തമായി ഗാന്ധിഭവനിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം ലക്ഷ്മിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. വുമൺ വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശർമ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്ര് ഗിരിജ സേതുനാഥ്, ഡോ.ജോളി സക്കറിയ, സുലേഖ കുറുപ്പ്, ഡോ.ജോർജ് ഓണക്കൂർ, പ്രൊഫ.കോന്നി ഗോപകുമാർ, ഡോ.പ്രകാശ് രാമകൃഷ്ണൻ എന്നിവർ വിവിധ സെമിനാറുകളിൽ പങ്കെടുത്തു. വി.ജെ. ജോസഫ്, വി.ആർ. പ്രതാപൻ, എ.എസ്. ചന്ദ്രപ്രകാശ്, ഡി.സുബീല, ജെ.സതികുമാരി, ഷീല വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീസുരക്ഷ, സ്വാതന്ത്യ്രം സമത്വം എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ വുമൺ ആസാദി സംഘടിപ്പിച്ചു. സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പബ്ലിക് ഓഫീസ് അങ്കണത്തിൽ ഡോ.സി.ഉദയകല ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക രാജലക്ഷ്മി മുഖ്യാഥിതിയായിരുന്നു. സിനിമാ - നാടക രംഗങ്ങളിൽ വ്യകതി മുദ്രപതിപ്പിച്ച കെ.പി.ശുഭയെ ആദരിച്ചു. ജില്ലാ വനിതാസമിതി സെക്രട്ടറി ഐ.പത്മകുമാരി അദ്ധ്യക്ഷയായി. ബി.ഉമാദേവി, യു.സിന്ധു,ബി.സുധർമ്മ, ബി.ചാന്ദ്നി, സോയാമോൾ എന്നിവർ സംസാരിച്ചു. വി.ശശികല പ്രതിജ്ഞ ചൊല്ലികൊടുത്തു. നോർത്ത് ജില്ലാ കമ്മിറ്റി വികാസ് ഭവനിൽ സംഘടിപ്പിച്ച പരിപാടി കൗൺസിലർ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ, ബീനാഭദ്രൻ, ഗീതാകുമാരി എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംഘടിപ്പിച്ച വനിതാദിനാചരണം വർക്കിംഗ് വിമെൻ അസോസിയേഷൻ പ്രസിഡന്റ് ടി.രാധാമണി ഉദ്ഘാടനം ചെയ്തു. ഡി.ആർ.ലളിതാംബിക അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സെക്രട്ടറി വി.കെ.ഷീജ, കെ.എസ്.എസ്.പി.യു സെക്രട്ടറി വി.തുളസീഭായി എന്നിവർ സംസാരിച്ചു.
മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി കലാമണ്ഡലം സത്യഭാമ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിന്ദു വലിയശാല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സന്ധ്യാശ്രീകുമാർ, സ്വപ്ന സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.
ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവർ കെ.പി.ഷീലയെ ആദരിച്ചു. പൂക്കൾകൊണ്ട് തയ്യാറാക്കിയ സ്റ്റിയറിംഗ് വി.എസ്.ശിവകുമാർ എം.എൽ.എ സമ്മാനിച്ചു. കിഴക്കേകോട്ടയിൽ നടന്ന ചടങ്ങിൽ ഫ്രണ്ട്സ് ഒഫ് ട്രിവാൻഡ്രം പ്രവർത്തകരായ പി.കെ.എസ്. രാജന, ഫിലിപ്പ് ജോസഫ് പുത്തൻചിറ, ശ്രീകണ്ഠേശ്വരം സതീഷ്, പവിത്രൻ കിഴക്കേനട എന്നിവർ പങ്കെടുത്തു.