പാറശാല: വഴിയോര കച്ചവടം നടത്തുന്ന വേലമ്മയെ ആദരിച്ച് അദ്ധ്യാപകർ വനിതാദിനം ആചരിച്ചു. പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപം പെട്ടിക്കട നടത്തുന്ന വേലമ്മയെയാണ് പാറശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ ആദരിച്ചത്. ക്ഷേത്രനട ഇലങ്കത്ത് വിള പുത്തൻവീട്ടിൽ താമസിക്കുന്ന 75 കാരിയായ വേലമ്മ കഴിഞ്ഞ ഏഴ് വർഷമായി സ്വന്തമായി കച്ചവടം നടത്തുകയാണ്. വേലമ്മ നാട്ടുകാർക്ക് മാതൃകയാണെന്ന് മാത്രമല്ല പ്രിയപ്പെട്ടവളുമാണ്.
വനിതാ ദിനത്തിൽ പാറശാല ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ സെലിൻ ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ ആദ്ധ്യാപക സംഘം വേലമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. സമഗ്ര ശിക്ഷ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്.കൃഷ്ണകുമാർ, പരിശീലകരായ അജികുമാർ, ആർ.എസ്.ബൈജുകുമാർ, എ.എസ്.മൻസൂർ, അദ്ധ്യാപികമാർ തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.