തിരുവനന്തപുരം: പാർട്ടി പരിപാടികളിൽ നിന്ന് നേതൃത്വം ഒഴിവാക്കി നിർത്തിയിരുന്ന ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയും വ്യക്താവുമായിരുന്ന വി.വി.രാജേഷിനെ വീണ്ടും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി.മുരളീധര പക്ഷത്തോട് അടുപ്പമുണ്ടായിരുന്ന രാജേഷിനോട് പാർട്ടി പരിപാടികളിൽ പങ്കെടുക്കേണ്ടെന്ന് നിർദ്ദേശം നൽകിയിരുന്നു.
വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം സംബന്ധിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആക്ഷേപത്തിന്റെ പേരിലാണ് രാജേഷിനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയത്.
ലോക് സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള പുനഃസംഘടനയുടെ ഭാഗമായി ചിലരെ ഉൾപ്പെടുത്തിയതിനൊപ്പമാണ് രാജേഷിനെയും പരിഗണിച്ചത്.യോഗ്യതയുള്ളവരെ തഴഞ്ഞ് പാർട്ടിയിൽ സജീവമല്ലാത്തവരെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയെന്ന ആക്ഷേപം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്.