m-panel

ലീവ് വേക്കൻസികളിൽ ഇവരെ താത്കാലികക്കാരായി നിയമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നു ജോലി നഷ്ടപ്പെട്ട താത്കാലിക കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വന്നിരുന്ന സമരത്തിന് 48-ാം ദിവസം ഫലം കണ്ടു. ലീവ് വേക്കൻസികളിൽ ഇവരെ താത്കാലികക്കാരായി വീണ്ടും നിയമിക്കാമെന്ന് സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പുനൽകിയതോടെയാണ് സമരം ഒത്തുതീർന്നത്.

അഞ്ച് വർഷത്തെ സർവീസും കണ്ടക്ടർ ലൈസൻസും ഉള്ളവർക്കാണ് ലീവ് വേക്കൻസികളിൽ ജോലി നൽകുക. സ്ഥിരം നിയമനം ലഭിക്കുന്നവർ ലീവ് എടുക്കുമ്പോഴെല്ലാം ഇവർക്ക് ജോലി ചെയ്യാനാകും. ഇൗ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിപ്പിച്ചാൽ നിയമപരമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് നിയമവിദഗ്ദ്ധരിൽ നിന്നും ഗതാഗത വകുപ്പിന് ഉപദേശം ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ഒത്തുതീർപ്പാക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സമരം ഒത്തുതീർപ്പായില്ലെങ്കിൽ അത് സർക്കാരിന് എതിരാകുമെന്ന അഭിപ്രയവും കൂടി കണക്കിലെടുത്താണ് ഇത്തരമൊരു ഫോർമുല സമരക്കാർക്കു മുന്നിൽ മന്ത്രി മുന്നോട്ടു വച്ചത്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഡിസംബർ 17നാണ് 3861 താത്കാലികക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടത്. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരുന്നു അത്. അന്നു മുതൽ എംപാനൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ സമരങ്ങൾ നടന്നു വരികയാണ്.