ldf

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ നാളെ മുതൽ 14 വരെ നടത്താൻ ഇന്നലെ ചേർന്ന മുന്നണിയോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സംഘാടകസമിതികൾ ഈ മാസം 20ന് മുമ്പായി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലം കൺവെൻഷനുകൾ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴ മണ്ഡലം കൺവെൻഷൻ വി.എസ്. അച്യുതാനന്ദനും ഉദ്ഘാടനം ചെയ്യും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള (കൊല്ലം), എം.എ. ബേബി (എറണാകുളം), സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (വടകര, പൊന്നാനി), എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ (പാലക്കാട്, പത്തനംതിട്ട), സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (കോട്ടയം, വയനാട്, തൃശൂർ), മന്ത്രി ഇ.പി. ജയരാജൻ (കണ്ണൂർ), മന്ത്രി ഇ. ചന്ദ്രശേഖരൻ (കാസർകോട്), മന്ത്രി കെ. കൃഷ്ണൻകുട്ടി (ചാലക്കുടി), കെ. ഫ്രാൻസിസ് ജോർജ് (ഇടുക്കി) എന്നിവർ കൺവെൻഷൻ ഉദ്ഘാടകരാകും.

നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കുകയാണ് ലക്ഷ്യമെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിന് പരമാവധി വിജയം നേടാനുള്ള സാഹചര്യമാണ്. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നയിച്ച കേരള സംരക്ഷണയാത്രകളിലും തൃശൂരിൽ നടന്ന സമാപനറാലിയിലും വൻ ജനപിന്തുണ ദൃശ്യമായി. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. പൊതുമേഖലാസ്ഥാപനങ്ങൾ കുത്തകമുതലാളിമാർക്ക് തീറെഴുതിയതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളമുൾപ്പെടെ അദാനിക്ക് കൈമാറുന്ന നിലയുണ്ടായി. ഇവയോടുള്ള കേരളത്തിന്റെ പ്രതികരണം തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു.

പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ:

മാർച്ച് 10: പാലക്കാട്

11: കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങൽ.

12: കാസർകോട്, കണ്ണൂർ, വടകര, ആലത്തൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം

13: തിരുവനന്തപുരം

14: വയനാട്, പൊന്നാനി.