con-pta

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സാദ്ധ്യതാപട്ടികയിൽ ഇന്ന് മുതിർന്ന നേതാക്കൾ കൂടിയാലോചന നടത്തി ധാരണയിലെത്തും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ചർച്ച നടത്തുക.

സിറ്റിംഗ് മണ്ഡലങ്ങളിലൊഴികെ,​ മൂന്നു പേരുകൾ വീതമുള്ള പട്ടിക കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു വിടാനാണ് നീക്കം. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക കൂടിയായതോടെ പ്രമുഖ നേതാക്കളെ ഉൾപ്പെടെ ഇറക്കി മത്സരം ശക്തമാക്കണമെന്ന അഭിപ്രായം പാർട്ടിയിലുയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കു മേൽ സമ്മർദ്ദം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മൂവരും. അല്ലെങ്കിൽ,​ ഹൈക്കമാൻഡ് നിർദ്ദേശം വരണം.

എ.ഐ.സി.സിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ഭാരിച്ച ചുമതലകളുള്ള കെ.സി. വേണുഗോപാൽ വീണ്ടും മത്സരിക്കാനുണ്ടാകുമോ എന്നതിലും ആകാംക്ഷയുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തിലും ഹൈക്കമാൻഡിൽ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.

ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), കെ.വി. തോമസ് (എറണാകുളം), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർ വീണ്ടും മത്സരരംഗത്ത് ഉറപ്പായി. കോന്നി എം.എൽ.എ കൂടി അടൂർ പ്രകാശിന്റെ പേരിനാണ് ആറ്റിങ്ങലിൽ മുൻഗണനയെങ്കിലും അദ്ദേഹവും പൂർണ്ണമായി മനസ്സു തുറന്നിട്ടില്ല. അവസാന നിമിഷം ബിന്ദു കൃഷ്ണ അവിടെയെത്താനും സാദ്ധ്യതയുണ്ട്.

ഇടുക്കിയിൽ ഉമ്മൻ ചാണ്ടി അല്ലെങ്കിൽ മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ പേരുകൾ ഉയരുന്നുണ്ട്. ചാലക്കുടിയിൽ ബെന്നി ബെഹനാൻ, പി.സി. ചാക്കോ, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ്, കെ. ബാബു തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ. തൃശൂരിൽ ടി.എൻ. പ്രതാപന്റെ പേരിനാണ് മുൻതൂക്കം. സുധീരനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ അദ്ദേഹം അവിടെ എത്തിയേക്കാം.

പാലക്കാട്ട് വി.കെ. ശ്രീകണ്ഠന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. സുനിൽ ലാലൂർ, ഷീബ, കെ.എ. തുളസി, എൻ.കെ. സുധീർ തുടങ്ങിയ പേരുകൾ ആലത്തൂരിൽ ഉയരുന്നു. വയനാട്ടിൽ അവസാനനിമിഷം എം.എം. ഹസ്സൻ പരിഗണിക്കപ്പെട്ടാൽ അദ്ഭുതപ്പെടാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. വടകരയിൽ കെ.എം. അഭിജിത്, ടി. സിദ്ദിഖ്, കണ്ണൂരിൽ കെ. സുധാകരൻ, ഷാനിമോൾ ഉസ്മാൻ, കാസർകോട്ട് സുബ്ബയ്യറെ, അഭിജിത് എന്നീ പേരുകൾ ചർച്ചകളിൽ സജീവമാണ്.