തിരുവനന്തപുരം : സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് കേരള ഒളിമ്പിക് അസോസിയേഷൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് കായിക യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കായിക മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള നിർദ്ദേശങ്ങളാണ് ഒളിമ്പിക് അസോസിയേഷന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ജനുവരി 16ന് ചുമതലയേറ്റ ഭാരവാഹികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനും എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പ് തന്നതായി ചടങ്ങിൽ സ്വാഗതമാശംസിച്ച ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.
എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങളും ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളും അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് വിശദീകരിച്ചു. 36-ാം ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും കായികയിനങ്ങളുടെ സംസ്ഥാനതല മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ വിവരിച്ചു. പ്രസിഡന്റ് അവതരിപ്പിച്ച കരട് നയരേഖയിൽ വിശദമായ ചർച്ചയും നടന്നു.
കേരളത്തിലെ കായികമേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള മാർഗങ്ങൾ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ വിശദീകരിച്ചു. അസോസിയേറ്റഡ് വൈസ് പ്രസിഡന്റുമാരായ പത്മിനി തോമസ്, വിക്ടർ മഞ്ഞില, ഗീതു അന്നാജോസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേരള ഒളിമ്പിക് അസോസിയേഷൻ എം.ആർ. രഞ്ജിത് നന്ദി പറഞ്ഞു.