snart-class-room

പാറശാല: കടുത്ത വേനൽച്ചൂടിൽ പാറശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ക്ലാസ് മുറികളിൽ ഇരുന്ന് വിയർക്കണ്ട. ചൂടിനെ അതിജീവിക്കാനായി പാറശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് പ്രൈമറി പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറികൾ വീതം ശീതികരിച്ചു.

കൊടവിളാകം ഗവ.എൽ.പി.എസ്, ഇഞ്ചിവിള ഗവ.എൽ.പി.എസ്, അയ്ങ്കാമം ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലെ ക്ലാസ് മുറികളാണ് ശീതീകരിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറിയിലിരുന്ന് പഠിക്കാനും ഇപ്പോൾ അവസരമുണ്ട്. പാറശാല എൽ.പി.എസ്, പരശുവയ്ക്കൽ എൽ.പി.എസ്, ആലത്തോട്ടം എൽ.പി.എസ് എന്നിവിടങ്ങളിലെ ക്ലാസ് മുറികൾ അടുത്ത പ്രവേശനോത്സവത്തിന് മുൻപ് തന്നെ ശീതീകരണ സംവിധാനം ഒരുക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഇഞ്ചിവിള ഗവ.എൽ.പി.എസിലും, അയ്ങ്കാമം ഗവ.എൽ.പി.എസിലും ഇരിപ്പിട സൗകര്യങ്ങൾ, ആകർഷകമായ ശിശു സൗഹൃദ ചുവരുകൾ, എയർ ടൈറ്റ് വാതിലുകൾ, ജനാലകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ട് പഞ്ചായത്തിലെ എല്ലാ പ്രൈമറി ക്ലാസ് മുറികളിലും ശീതീകരണ സംവിധാനമൊരുക്കാനാണ് പാറശാല ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എസ്. സുരേഷും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലിയും അറിയിച്ചു. എം.എൽ.എയുടെ തനത് വികസന ഫണ്ടുപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുള്ളത്.