നെയ്യാറ്റിൻകര: തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ പതിനൊന്നിന പരിപാടിയിലൂടെ ഗ്രാമങ്ങളിൽ വികസന പദ്ധതികൾക്ക് തുടക്കമിട്ട ജനകീയ ഭരണാധിപനായിരുന്നു ഇന്നലെ അന്തരിച്ച വി.ജെ. തങ്കപ്പൻ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും മുൻ മന്ത്രിയുമായിരുന്ന തങ്കപ്പന് അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് ഇന്നലെ ആറാലുംമൂട്ടിലെ വസതിയിലെത്തിയത്.
നെയ്യാറ്റിൻകരയിലെ മുതിർന്ന അഭിഭാഷകനായിരുന്ന വി.ജെ. തങ്കപ്പൻ വിഴവൂർ മിച്ചഭൂമി സമരത്തിൽ ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുത്താണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. നെയ്യാറ്റിൻകരയിലെ പാർട്ടി പ്രവർത്തനങ്ങളിൽ 1963 മുതൽ പങ്കെടുത്തു. വിഴവൂർ മിച്ചഭൂമി സമരത്തിൽ മുൻ എം.എൽ.എ ആർ. പരമേശ്വരൻപിള്ളയോടൊപ്പം പങ്കെടുത്ത് അറസ്റ്റുവരിച്ചു. പിന്നീട് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. 1964ൽ നെയ്യാറ്റിൻകരയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1968 മുതൽ 79 വരെയും 1979 മുതൽ 84 വരെയും (വഴിമുക്ക് വാർഡ്)​ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി. ടി.ബി ജംഗ്ഷൻ വാർഡിൽ എം.എസ്.എം. ഹനീഫ സി.പി.എം റെബൽ സ്ഥാനാർത്ഥിയായി വിജയിച്ചതോടെ എൽ.ഡി.എഫിൽ നിന്നു കൗൺസിലർമാരെ അടർത്തിമാറ്റി ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫ് ശ്രമിച്ചത് തടഞ്ഞുകൊണ്ടായിരുന്നു വി.ജെ. തങ്കപ്പൻ മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് ഇടതുപക്ഷ നേതൃത്വം വരുന്നത് 1979ൽ വി.ജെ. തങ്കപ്പൻ ചെയർമാനായതോടെയാണ്. അക്കാലത്ത് കുടിവെള്ളത്തിന് ക്ഷാമമുണ്ടായിരുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് സമീപമുള്ള ബാലരാമപുരം, അതിയന്നൂർ പഞ്ചായത്തുകൾക്കായി ആറാലുംമൂട്ടിൽ കൂറ്റൻ സംഭരണ ടാങ്ക് പണിത് കുടിവെള്ളം ലഭ്യമാക്കിയത് ഏറെ എതിർപ്പുകൾ നേരിട്ടായിരുന്നു. പഞ്ചായത്തിരാജ് ആക്ട് നടപ്പാക്കുന്നതിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പരിശീലനത്തിനായി 'കില' സ്ഥാപിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്‌തുലമാണ്.