വർക്കല ഗുരുകുലത്തിൽ നാലഞ്ചു കോളേജ് വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്നുണ്ട്. അവർ തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്. അതുപോലെ ഗുരുകുലത്തോട് അവർക്കുള്ള ആഭിമുഖ്യവും. മുമ്പു പഠിച്ചിരുന്നവർ ഇടയ്ക്കിടയ്ക്ക് ഇവിടെ വരികയും ചെയ്യും. അവരിൽ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോൾ അവരെല്ലാം ആവേശത്തോടുകൂടി ഒത്തുകൂടും.
അതിലൊരുവൻ വിവാഹം കഴിഞ്ഞ് വധുവുമായി എന്റെയടുത്തെത്തി. നവദമ്പതികൾക്കു ഞാൻ സാധാരണ കൊടുക്കാറുള്ള ഉപദേശം കൊടുത്തു:
''അന്യോന്യം പരിചയമില്ലാതിരുന്ന നിങ്ങൾ രണ്ടുപേർ ചേർന്ന് ഒരു ജീവിതം നയിക്കാൻ പോകുന്നു. ഒരാളുടെ സ്വഭാവവിശേഷണങ്ങൾ മറ്റേയാളിനറിയില്ല. സ്നേഹത്തിലൂടെ ഒരാൾ മറ്റേയാളിന്റെ സ്വഭാവവിശേഷണങ്ങൾ കൂടുതൽ കൂടുതൽ അറിഞ്ഞ്, അതുപോലെ സ്നേഹിക്കുന്നതിലൂടെ അന്യോന്യം കൂടുതൽ അറിയുക. അതിനെയൊക്കെ അംഗീകരിച്ച് ബഹുമാനിക്കുക. അതിലൂടെ പരസ്പരസ്നേഹം ബലപ്പെടുത്തുക. അപ്പോൾ രണ്ടുപേർ ചേർന്നുള്ള ഒരൊറ്റ ജീവിതം സാദ്ധ്യമാകും." പിന്നെ ചോദിച്ചു.
''പഴയ സഹപാഠികളൊക്കെ വന്നിരുന്നു, അല്ലേ?"
''വന്നിരുന്നു. വളരെ സന്തോഷമായി! "
''വിവാഹച്ചടങ്ങ് കഴിയുമ്പോൾ അവരൊക്കെ വന്നു കൈതരും, അല്ലേ?"
''അതെ."
''അതിന്റെ അർത്ഥം, 'നമ്മൾ തമ്മിലുള്ള കൂട്ടുകെട്ട് ഇതോടെ തീരുന്നു" എന്നല്ലേ?"
''അങ്ങനെയാണല്ലോ. ഇപ്പോൾ പുതിയൊരുതരം കൂട്ടുകെട്ടായി, പുതിയൊരാളുമായിട്ട്."
''ഇനി ഈ സ്നേഹം മക്കളിലേക്കും പകരും. ചിലപ്പോൾ മറ്റു പലതിനോടുമാകും. അവസാനം എല്ലാ കൂട്ടുകെട്ടും പിരിഞ്ഞ്, ഏകനായി അഥവാ ഏകയായി, തിരിയെ മടങ്ങും. എവിടേക്ക് ? ഒരു കൂട്ടുമില്ലാതെ എവിടെനിന്നു വന്നോ അവിടേക്ക്."