കിളിമാനൂർ: വേനലിന്റെ ആരംഭം മുതലേ ഇങ്ങനാണെങ്കിൽ ഏപ്രിൽ- മേയ് മാസമെത്തുമ്പോൾ മനുഷ്യൻ ഉരുകിയൊലിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. ഇപ്പോൾ തന്നെ കിളിമാനൂരിലും പ്രാന്തപ്രദേശങ്ങളിലുമെല്ലാം നേരിയ തോതിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. കിളിമാനൂരിന്റെ പ്രാന്ത പ്രദേശങ്ങളായ തൊളിക്കുഴി, മടവൂർ, തമ്പുരാട്ടിപ്പാറ, പൊരുന്തമൺ, പോങ്ങനാട്, വെള്ളല്ലൂർ മേഖലകളിൽ കുടിവെള്ള ക്ഷാമവും കൃഷിനാശവും വ്യാപകമാണ്. കിളിമാനൂർ ജംഗ്ഷനിലെ കൈത്തോട് പൂർണമായും വറ്റി വരണ്ടു. ഈ തോടിനെ ആശ്രയിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് ഇത് തിരിച്ചടിയായി. ജംഗ്ഷനിലെ ചിറ്റാറിലെ ജലമാണ് കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കുന്നത്. എന്നാൽ വേനൽ കനക്കുന്നതോടെ ജല സംഭരണ മേഖലയിലും ജലനിരപ്പ് താഴും ഇത് കുടിവെള്ള പദ്ധതികളേയും ബാധിച്ചേക്കാം.
കാർഷിക രംഗം
വേനൽ കനത്തതോടെ കാർഷിക രംഗവും പരുങ്ങലിലായി.ജല സ്ത്രോതസുകൾ വറ്റി വരണ്ടതാണ് പ്രധാന പ്രശ്നം. കിളിമാനൂരുന്റെ കാർഷിക സമൃദ്ധി വിളിച്ചോതുന്ന മടവൂർ ഏല, അടയമൺ, വെള്ളല്ലൂർ - നഗരൂർ ഏല, പുല്ലയിൽ, പാപ്പാല മേഖലകളിൽ ഇപ്പോൾ ജലക്ഷാമം രൂക്ഷമാണ്. രണ്ടാം കൃഷിയിൽ നിന്നും കാര്യമായ ലാഭമൊന്നും കിട്ടിയില്ലെന്നു മാത്രമല്ല വിളവും കുറവായിരുന്നെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ വിളയിറക്കിയ പച്ചക്കറികൾക്കും വെള്ളം ഒരു പ്രശ്നമാണ്. ചീരയും പയറും വെള്ളരിക്കുമൊക്കെ രാവിലെയും വൈകിട്ടും ജലസേചനം അത്യാവശ്യമാണ്. മുൻപ് സമീപത്തെ കുളങ്ങളും ചെറുതോടുമൊക്കെയാണ് വെള്ളം ശേഖരിക്കാനായി ആശ്രയിച്ചിരുന്നത് എന്നാൽ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
ഉത്സവകാലം
കൊടുംചൂടിൽ നാട് ചുട്ടുപൊള്ളുന്നു. ഉത്സവപ്പറമ്പുകളിലും തിരക്കൊഴിയുന്നു. ഗ്രാമങ്ങളിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ ഒക്കെ ഉത്സവത്തിന് കൊടിയേറിയെങ്കിലും ചുട്ടു പൊള്ളുന്ന ചൂടു കാരണം പൊങ്കാലയിടാൻ എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിലും വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഠിനമായ ചൂടാണ് ഇതിന് കാരണം. ഉത്സവത്തിന് മാറ്റു കൂട്ടുന്ന ആനയെഴുന്നള്ളത്ത് പലയിടങ്ങളിലും ഒഴിവാക്കിയിട്ടുണ്ട്.
വേനലിൽ വില്ലനായി രോഗങ്ങളും
വേനൽ രൂക്ഷമാകുകയും താപനില വർദ്ധിക്കുകയും ചെയ്യുന്നതോടെ വേനൽക്കാല രോഗങ്ങളും പടർന്ന് പിടിക്കുകയാണ്.
1 .മഞ്ഞപ്പിത്തം
ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗം
കരളിനെയാണ് ബാധിക്കുന്നത്
വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്നു
ലക്ഷണങ്ങൾ: പനി, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം
2. ചിക്കൻപോക്‌സ്
വേനൽക്കാലത്ത് പിടിപെടാനുള്ള സാദ്ധ്യത കൂടുതൽ
ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കിൽ ന്യൂമോണിയയായി മാറാം
വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് കാരണം
രോഗിയുമായുള്ള ഇടപെടലിലൂടെ പകരുന്നു
ഒരിക്കൽ വന്നാൽ പിന്നീട് രോഗം വരാനുള്ള സാദ്ധ്യത കുറവ്
3. ചെങ്കണ്ണ്
വേനൽക്കാലത്ത് സർവ സാധരണം
കണ്ണിന് ചൂടും പൊടിയുമേൽക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്
വൈറസിലൂടെ രോഗം പകരുന്നു
സാധാരണ ഒരാഴ്ച വരെ അസുഖം നീണ്ടുനിൽക്കുന്നു
ലക്ഷണങ്ങൾ:കണ്ണിനു ചുവപ്പുനിറം, ചൊറിച്ചിൽ, കൺപോളകൾ തടിക്കുക, കണ്ണിൽ നിന്നും വെള്ളം വരിക.
ടി.വി കാണുന്നതും രോഗിയുമായുള്ള സമ്പർക്കവും ഒഴിവാക്കുക
4.കോളറ
ജലജന്യ രോഗം
വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്
വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് പകരും
വയറിളക്കം, ഛർദ്ദി, പനി, മലത്തിൽ രക്തത്തിന്റെ അംശം എന്നിവലക്ഷണങ്ങൾ
ഭക്ഷണസാധനങ്ങൾ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക
വേനലിൽ നിന്ന് രക്ഷപെടാം
പഴവർഗങ്ങൾ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീൻ, എണ്ണയിൽ വറുത്തത് തുടങ്ങിയവ ഒഴിവാക്കുക