ldf

തിരുവനന്തപുരം:സി.പി.എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുക്കാതെ വിട്ട പൊന്നാനി സീറ്റിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ തന്നെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ എൽ.ഡി.എഫിന്റെ ഇരുപത് ലോക്‌സഭാ സ്ഥാനാർത്ഥികളുടെയും അന്തിമ പട്ടികയായി. രണ്ട് സ്വതന്ത്രർ അടക്കം 16 സി.പി.എം സ്ഥാനാർത്ഥികളെ ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കഴിഞ്ഞതവണ സ്വതന്ത്രനായി ചാലക്കുടിയിൽ മത്സരിച്ച നടൻ ഇന്നസെന്റ് ഇക്കുറി അവിടെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. ഇടുക്കിയിൽ ജോയ്‌സ് ജോർജും പൊന്നാനിയിൽ പി.വി. അൻവറുമാണ് സി.പി.എം സ്വതന്ത്രർ.

സി.പി.എമ്മിന്റെ നാലും സി.പി.ഐയുടെ രണ്ടും എം.എൽ.എമാരാണ് മത്സരരംഗത്ത്. നെടുമങ്ങാട് എം.എൽ.എ സി. ദിവാകരൻ തിരുവനന്തപുരത്തും അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ മാവേലിക്കരയിലും അരൂർ എം.എൽ.എ എ.എം. ആരിഫ് ആലപ്പുഴയിലും ആറന്മുള എം.എൽ.എ വീണാ ജോർജ് പത്തനംതിട്ടയിലും കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ്കുമാർ കോഴിക്കോട്ടും നിലമ്പൂർ എം.എൽ.എ പി.വി. അൻവർ പൊന്നാനിയിലും മത്സരിക്കുന്നു. കണ്ണൂർ എം.പിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയും വീണാ ജോർജുമാണ് ലിസ്റ്റിലെ വനിതകൾ. മുപ്പതുകാരനായ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായപ്പോൾ 76കാരനായ സി. ദിവാകരനാണ് ഏറ്റവും പ്രായമുള്ള സ്ഥാനാർത്ഥി.

രണ്ട് വനിതകളും ജയിക്കും

വനിതകൾ രണ്ട് പേരിലൊതുങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോൾ, രണ്ട് പേരും ജയിക്കുന്ന മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൂടുതൽ പേർ ഉൾപ്പെടേണ്ടതായിരുന്നു. ഓരോ മണ്ഡലത്തിന്റെയും പ്രത്യേകതകളനുസരിച്ചല്ലേ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവൂ. ജയസാദ്ധ്യത മാത്രമാണ് മാനദണ്ഡം. കൂടുതൽ എം.എൽ.എമാരെ മത്സരിപ്പിക്കുന്നത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസമാണ് കാണിക്കുന്നത്. അവർ ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഒരു പ്രയാസവുമുണ്ടാവില്ല. എം.എൽ.എമാർ മുൻപും ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2009ൽ യു.ഡി.എഫിന്റെ നാല് എം.എൽ.എമാർ മത്സരിച്ചിട്ടുണ്ട്. അവർ ജയിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ ശേഷി വർദ്ധിക്കണം. കേന്ദ്രത്തിൽ ഉറച്ച മതനിരപേക്ഷ സർക്കാർ വരാൻ ഇടതുപക്ഷത്തിന്റെ അംഗബലം വർദ്ധിക്കണം. 2004ൽ കേരളത്തിൽ കോൺഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. അത്തവണ ബി.ജെ.പിയെ പരാജയപ്പെടുത്തി കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കപ്പെട്ടു. അന്ന്18 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചതിനാലാണ് അത് സാധിച്ചത്. ഇപ്പോൾ പ്രഖ്യാപിച്ച 20 പേരും ഇനി എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്.

സിറ്റിംഗ് എം.പിയായ പി. കരുണാകരനെ മാത്രം ഒഴിവാക്കിയതിനെപ്പറ്റി ചോദിച്ചപ്പോൾ, തുടർച്ചയായി മൂന്ന് തവണ എം.പിയായ പി. കരുണാകരന്റെ സേവനം സംഘടനാരംഗത്ത് ആവശ്യമുള്ളതിനാലാണെന്ന് കോടിയേരി മറുപടി നൽകി. എ. സമ്പത്ത് മൂന്ന് തവണയായെങ്കിലും അത് തുടർച്ചയായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.