തിരുവനന്തപുരം: 'കെമിസ്ട്രി പരീക്ഷ കഴിഞ്ഞതോടെ അടുത്ത പരീക്ഷയ്ക്ക് പഠിക്കാനുള്ള മൂഡ് പോയി സാറേ...' വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഫേസ്ബുക്ക് പേജിലെ ഒരു കമന്റാണിത്.
കഴിഞ്ഞ 6ന് നടന്ന സംസ്ഥാന പ്ളസ്ടു കെമിസ്ട്രി പരീക്ഷ കടുകട്ടിയായതിനാൽ പുനഃപരീക്ഷ നടത്തുകയോ,മൂല്യനിർണയത്തിൽ ഉദാരമായി മാർക്ക് നൽകുകയോ ചെയ്യണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥനകളാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിറയുന്നത്. ആദ്യ പരീക്ഷയായ കെമിസ്ട്രി തന്നെ വിദ്യാർത്ഥികളെ കുഴക്കിയെന്നാണ് പരാതികളിലേറെയും. മോഡൽ പരീക്ഷയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങളായിരുന്നു, സിലബസിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നില്ല എന്നൊക്കെയാണ് പരാതികൾ.
പരീക്ഷയുടെ തലേന്ന് 'പരീക്ഷയ്‌ക്ക് പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. നല്ല മാർക്ക് കിട്ടും.' എന്ന ഒരു വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആദ്യ പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ വീഡിയോയ്ക്കു താഴെ നൂറുകണക്കിനു വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയത്. പരീക്ഷ ബുദ്ധിമുട്ടായിരുന്നുവെന്ന് മകൻ പറഞ്ഞപ്പോൾ, നിനക്ക് മാത്രമായിരിക്കും ബുദ്ധിമുട്ട് എന്ന് പറഞ്ഞ് രണ്ടടി കൊടുത്ത പിതാവിന്റെ സങ്കടവും പേജിലുണ്ട്.
ആക്ഷേപമുയർന്നതിനാൽ മറ്റ് പരീക്ഷകൾ കൂടി കഴിഞ്ഞ് പ്രശ്നം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. എൻ.സി.ഇ.ആർ.ടി സിലബസ് പ്രകാരമുള്ള ചോദ്യങ്ങൾ മാത്രമേയുള്ളൂ. പരീക്ഷാ ബോർഡ് കൂടിയാണ് പുനഃപരിശോധനയും മറ്റും തീരുമാനിക്കുക, പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടതായി വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കമന്റുകളിൽ ചിലത്
റീ ടെസ്റ്റ് വേണമെന്നാണ് ഭൂരിഭാഗവും വിദ്യാർത്ഥികളുടെയും നിലപാട്.
വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും ആത്മവിശ്വാസം തകർത്തു.
ഇന്നലെ ഞാൻ ഒരു എക്സാം എഴുതി. പുകയും കിളിയും പോയി.
കേരളത്തിലെ എല്ലാ പിള്ളേരും എെൻസ്റ്റീനും ന്യൂട്ടണും അല്ല... ചോദ്യപേപ്പർ ഉണ്ടാക്കിയവരെ ഒന്നു കാണാൻ പറ്റുമോ??
ഉറക്കമൊഴിഞ്ഞ് പഠിച്ചതാണ് കെമിസ്ട്രി. അദ്ധ്യാപകരുടെ കഴിവ് തെളിയിക്കാൻ പാവം കുട്ടികളെ ബലിയാടാക്കണോ..?