divya-child

തിരുവനന്തപുരം: 'അമ്മയും മകനും സുഖമായിരിക്കുന്നു; കൂടെ അച്ഛനും' - ശബരീനാഥൻ എം.എൽ.എ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം ദിവ്യയുടെയും കുഞ്ഞിന്റെയും ചിത്രവും. ആശംസകളുടെ പ്രവാഹമായിരുന്നു തുടർന്ന്. തന്റെ പിറന്നാൾ ദിനത്തിലാണ് ശബരിക്ക് കു‌ഞ്ഞ് പിറന്നത് എന്ന സന്തോഷം പങ്കുവച്ച് ശശി തരൂർ എം.പി ട്വീറ്റ് ചെയ്തു. ജി. കാർത്തികേയന്റെ നാലാം ചരമവാർഷികം കഴിഞ്ഞ് രണ്ടാം നാളാണ് പേരക്കുട്ടി പിറന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്നലെ രാവിലെ 5.44 നാണ് രാഷ്ട്രീയനേതാവായ ശബരീനാഥനും ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യരും അച്ഛനും അമ്മയും ആയത്. രേവതി നക്ഷത്രത്തിൽ ജനിച്ചത് ആൺകുഞ്ഞ്.

ലേബർ റൂമിലേക്ക് ദിവ്യയെ പ്രവേശിപ്പിച്ചപ്പോൾ സമയം 2.30. പുറത്ത് ടെൻഷനടിച്ച് ശബരീനാഥൻ കഴിഞ്ഞത് മൂന്നു മണിക്കൂറിലേറെ. ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ മധുരാനുഭൂതിയായി. മധുരം വിതരണം ചെയ്ത് കുഞ്ഞിനും അമ്മയ്ക്കും ഒപ്പം ഉച്ചവരെ കഴിഞ്ഞ ശബരീനാഥൻ നേരത്തേ ഏറ്റിരുന്ന പൊതുപരിപാടികൾക്കായി പോയി.

2017 ജൂൺ 30നായിരുന്നു ദിവ്യ- ശബരി വിവാഹം. തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ ഇപ്പോൾ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്.

ടാറ്റയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥൻ അച്ഛൻ ജി. കാർത്തികേയന്റെ വിയോഗത്തെത്തുടർന്നാണ് ജോലി രാജിവച്ച് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. കേരള സർവകലാശാല പരീക്ഷ കൺട്രോളറായി വിരമിച്ച ഡോ. എം.ടി. സുലേഖയാണ് അമ്മ.

ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്.ബി.ടിയിൽ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്. ഗായിക, നർത്തകി, അഭിനേതാവ്, എഴുത്തുകാരി എന്ന നിലയിലും ദിവ്യ ശ്രദ്ധ നേടിയിട്ടുണ്ട്.