ആറ്റിങ്ങൽ: കടമ്പാട്ടുകോണം മുതൽ മാമം വരെ ദേശീയപാത വികസനത്തിന് സ്ഥലമെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആറ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടമ്പാട്ടുകോണം മുതൽ മാമം വരെയുളള 16 കിലോമീറ്റർ ഭാഗത്തെ സർവേ നടപടികൾ പൂർത്തിയാക്കി രേഖകൾ തയ്യാറാക്കി നല്കുന്നതിനും തുടർനടപടികൾ നടത്തുന്നതിനുമാണ് ഓഫീസ് ആരംഭിച്ചത്.
ഓഫീസനുവദിച്ച് നേരത്തേ ഉത്തരവിറങ്ങിയിരുന്നെങ്കിലും പ്രവർത്തനം തുടങ്ങാൻ വൈകി. കഴിഞ്ഞ ദിവസം മന്ത്റി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തെത്തുടർന്നാണ് ഉടൻ തന്നെ ഓഫീസ് തുറന്ന് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചത്.
വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ നാവായിക്കുളം, കുടവൂർ, ഒറ്റൂർ, കരവാരം, മണമ്പൂർ, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ, അവനവഞ്ചേരി, കിഴുവിലം വില്ലേജുകളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എസ്.ജെ. വിജയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ്, പ്രതിപക്ഷനേതാവ് എം. അനിൽകുമാർ, തഹസീൽദാർ ജി. നിർമ്മൽകുമാർ, സ്‌പെഷ്യൽ തഹസീൽദാർമാരായ മനോജ്, ജി. ശ്രീകുമാർ, ഡെപ്യൂട്ടി തഹസീൽദാർ ടി. വേണു, ഉണ്ണിരാജ എന്നിവർ പങ്കെടുത്തു.