തിരുവനന്തപുരം : വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയകരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ ഒട്ടേറെ അഭ്യൂഹങ്ങളും സംശയങ്ങളുമാണ് പ്രചരിക്കുന്നത്. ഇതിന്റെ യഥാർത്ഥ വസ്തുത ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. യു.ഡി.എഫ് ഭരിച്ചിരുന്നപ്പോൾ മാവോയിസ്റ്റുകളുടെ പ്രധാനികളെ തന്ത്രപരമായി പിടികൂടാൻ കഴിഞ്ഞിരുന്നു. ഒരു ചോരയും ചീന്തിയില്ല.
കോട്ടയത്തെ കെവിന്റെ കൊലപാതകക്കേസിലും ഏറ്റവും ഒടുവിൽ പെരിയ ഇരട്ടക്കൊലപാതകക്കേസിലും പൊലീസിന്റെ പരാജയമാണ് തെളിയുന്നത്. പെരിയ കേസിൽ അന്വേഷണോദ്യോഗസ്ഥരെ പാടെ മാറ്റി അന്വേഷണം അട്ടിമറിച്ചു. വരാപ്പുഴയിൽ ശ്രീജിത്തിന്റെ മരണത്തിൽ സസ്‌പെൻഡ് ചെയ്യപ്പെടുകയും പ്രതിസ്ഥാനത്ത് നിൽക്കുകയും ചെയ്യുന്ന ഒരാളെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാക്കിയതിലൂടെ പാർട്ടി താത്പര്യം മാത്രം സംരക്ഷിക്കുന്ന അവസ്ഥയിലേക്ക് സർക്കാർ ചുരുങ്ങിയിരിക്കുന്നു. ആഭ്യന്തര വകുപ്പും പൊലീസും സമ്പൂർണ പരാജയമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈത്തിരിയിലേതെന്നും ചെന്നിത്തല പറഞ്ഞു.