കല്ലമ്പലം : സീമന്തപുരം നക്രാംകോണം പ്ലന്താനം കോളനിയിൽ ഇനിയും വികസനമെത്തിയിട്ടില്ല. ദുരിതം പേറി കഴിയുകയാണ് കോളനിവാസികൾ. മടവൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന കോളനിയിലുള്ളവരാണ് ദുരിതത്തിൽ കഴിയുന്നത്.ഇവിടെ 30 കുടുംബങ്ങളാണ് കഴിയുന്നത്.കോളനിക്കാർക്ക് ആശുപത്രിയിലെത്താൻ നല്ലൊരു റോഡില്ല. പ്രവേശന കവാടത്തെഇരുന്നൂറ് മീറ്ററോളം വീതിയുള്ള റോഡ് റോഡ് ടാർ ചെയ്യാനായി മെറ്റൽ നിരത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ടാർ ചെയ്തില്ല.

രണ്ട് വർഷത്തിന് മുമ്പും മെറ്റൽ നിരത്തിയിട്ട് ടാർ ചെയ്തില്ല.ഇപ്പോൾ വീണ്ടും മെറ്റൽ നിരത്തിയിരിക്കുകയാണ്.

കോളനിവസികൾ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാന്താനം ചിറ നാശത്തിന്റെ വക്കിലാണ്. കടുത്ത വേനലിൽ പോലും യഥേഷ്ടം വെള്ളം ലഭിച്ചിരുന്ന ചിറയെ അധികൃതർ അവഗണിച്ചതോടെ പായലും മാലിന്യവും നിറഞ്ഞ് നശിച്ചു.

കുടിവെള്ളം കോളനിയിൽ കിട്ടാക്കനിയാണ്. പൈപ്പ് ലൈൻ പോലും കോളനിയിലെത്തിയിട്ടില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കോളനിയിൽ അടുത്തിടെ പഞ്ചായത്ത് അധികൃതർ കുഴൽ കിണർ കുഴിച്ചെങ്കിലും പ്രവർത്തിച്ചിട്ടില്ല.കോളനിക്കാർ വീടിനായി നൽകിയ അപേക്ഷകളും പരിഹരിക്കുന്നില്ലെന്നാണ് പരാതി. വീടിന്റെ അറ്റകുറ്റപ്പണികൾക്കും പലരും പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ല.കോളനിക്കുള്ളിൽ വാഹനങ്ങൾ കടന്നു ചെല്ലില്ല. നടവഴികൾ മാത്രമാണ് ആശ്രയം.

ആശുപത്രിയിൽ വച്ച് മരണപ്പെടുന്നവരെ കോളനിയിലെത്തിക്കുന്നതിനും ബുദ്ധിമുട്ടാണ്. കോളനിയുടെ വികസനത്തിനായി നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയിട്ടും അവഗണന മാത്രമാണ് ഫലമെന്നാണ് കോളനിക്കാർ പറയുന്നത്.

അതിരൂക്ഷമായ അവഗണന

ഗതാഗത സൗകര്യമില്ല

കുടിവെള്ളം കിട്ടാക്കനി

ഭവന പദ്ധതികൾ നടപ്പാക്കുന്നില്ല

ഉദ്യോഗസ്ഥരുടെ കടുത്ത അവഗണ

വികസന മുരടിപ്പ് നേരിടുന്നു

മാലിന്യ പ്രശ്നങ്ങൾ രോഗ ബാധയുണ്ടാക്കുന്നു

ദുരിതജീവിതം നയിക്കുന്നത്.....30 കുടുംബങ്ങൾ