ksrtc-strike

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട താത്കാലിക കണ്ടക്ടർമാരെ കെ.എസ്.ആർ.ടി.സിയിലേക്ക് തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അവർക്ക് പഴയതുപോലെ തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ കട്ടപ്പുറത്തിരിക്കുന്ന ബസുകളിൽ 1000 എണ്ണമെങ്കിലും നിരത്തിലിറക്കേണ്ടി വരും. നിലവിലുള്ള ജീവനക്കാരുടെ ലീവ് വേക്കൻസികളിൽ ജോലി നഷ്ടപ്പെട്ടവർക്ക് പ്രവേശനം നൽകാമെന്ന ഉറപ്പിലാണ് 48 ദിവസം നീണ്ട സമരം എംപാനലുകാർ അവസാനിപ്പിച്ചത്.

തിരികെ പ്രവേശിക്കുന്നവർ അതത് ഡിപ്പോകളിൽ തിങ്കളാഴ്ച റിപ്പോർട്ടു ചെയ്യാനാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലീവ് വേക്കൻസിയിൽ 1500 പേർക്കു മാത്രമെ ജോലി നൽകാൻ കഴിയൂ എന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് 3861 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

തിരികെ എത്തുന്നവരുടെ സംഖ്യ 1500നു താഴെ ആണെങ്കിൽ 40 മുതൽ 60 ദിവസം വരെ തൊഴിൽ ദിനങ്ങൾ ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് സൂചന. ദീർഘകാല അവധികൾ കോർപറേഷൻ അനുവദിക്കാത്തതിനാൽ അത്തരം വേക്കൻസികൾ ഉണ്ടാകില്ല. ഏറ്റവും ഒടുവിൽ പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച് ജോലിയിൽ പ്രവേശിച്ചവരിൽ നൂറോളം പേർ ദീർഘകാല അവധിക്ക് അപേക്ഷ നൽകിയിരുന്നു. അതും അനുവദിച്ചിട്ടില്ല.

ഇപ്പോൾ 4500 ബസുകളാണ് സർവീസ് നടത്തുന്നത്. 1300 ബസുകൾ കട്ടപ്പുറത്താണ്. ഇതിൽ ആയിരം ബസുകളെങ്കിലും അറ്റകുറ്റപ്പണി ചെയ്ത് നിരത്തിലിറക്കിയാൽ പ്രശ്നത്തിന് താത്കാലിക ആശ്വാസമാകുന്നതിനൊപ്പം കോർപറേഷന് കളക്‌ഷനും കൂടും.

 നിയമപ്രശ്നം വരുമോ?

സമരം അവസാനിപ്പിച്ചുവെങ്കിലും നിയമപരമായ പ്രശ്നം പിറകെ വരുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. കോടതി നിർദ്ദേശ പ്രകാരം പുറത്തായവരെയാണ് കെ.എസ്.ആർ.ടി.സി തിരിച്ചെടുക്കുന്നത്.

''ലീവ് വേക്കൻസിയിലാണല്ലോ ഇവർക്ക് നേരത്തേയും ജോലി നൽകിയിരുന്നത്. അങ്ങനെ തന്നെയാണ് ഇപ്പോഴും ജോലി നൽകുന്നത്. നിയമപരമായ പ്രശ്നം ഉണ്ടാകില്ലെന്നാണ് കിട്ടിയ ഉപദേശം''

- എ.കെ. ശശീന്ദ്രൻ, ഗതാഗതമന്ത്രി