bjp

തിരുവനന്തപുരം: ശബരിമല സമരം കേരളത്തിൽ വലിയ നേട്ടം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ലോക്സഭാ സ്ഥാനാർത്ഥികളെ ഇൗ ആഴ്ച ഡൽഹിയിൽ പ്രഖ്യാപിക്കും. കേരളത്തിൽ 15 സീറ്റിലാണ് ബി.ജെ.പി മത്സരിക്കുന്നത്. നാല് സീറ്റ് ബി.ഡി.ജെ.എസിനും ഒരു സീറ്റ് കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിനും നൽകി. 20 സീറ്റുകളിലേക്കും ഒരുമിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.

പതിനഞ്ച് സീറ്റിലേക്ക് മുപ്പതോളം പേരുടെ സാദ്ധ്യതാപട്ടികയാണ് പാർട്ടി സംസ്ഥാന ഘടകം തയ്യാറാക്കി നൽകിയത്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നുണ്ടെങ്കിൽ ബി.ഡി.ജെ.എസിന് അധികമായി ഒരു സീറ്റുകൂടി നൽകും. ഇത് കൂടി കണക്കിലെടുത്താണ് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര പാർലമെന്ററി സമിതിക്ക് കൈമാറിയത്.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങി പാർട്ടി കോർ കമ്മിറ്റിയിലെ പ്രമുഖരെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ആനന്ദബോസ്, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങി ശബരിമല കർമ്മസമിതിയുമായി ബന്ധപ്പെട്ട പ്രമുഖരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിവിന് വിരുദ്ധമായി പാലക്കാട്ട് നിന്നുള്ള കൃഷ്ണകുമാർ, തിരുവനന്തപുരത്തെ സുധീർകുമാർ തുടങ്ങി യുവനേതാക്കളെയും ഉൾപ്പെടുത്തി.

സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സാദ്ധ്യതാലിസ്റ്റ് തയ്യാറാക്കിയത്. ഇത് സംസ്ഥാന സമിതി അംഗീകരിച്ച ശേഷമാണ് ഡൽഹിയിലേക്ക് കൈമാറിയതെന്ന് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ആർ.എസ്.എസ് നേതാക്കളുമായും പാർട്ടി സംസ്ഥാന നേതാക്കളുമായും ചർച്ച ചെയ്ത ശേഷമായിരിക്കും പാർലമെന്ററി കമ്മിറ്റി അന്തിമ ലിസ്റ്റ് തയ്യാറാക്കുക. ഇതിനായി സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് പോകും.

സംസ്ഥാനത്തെ നാല് മേഖലകളിൽ നടത്തുന്ന പരിവർത്തനയാത്രകൾ ഇന്ന് സമാപിക്കും. അതിന് ശേഷമായിരിക്കും നേതാക്കൾ ഡൽഹിക്ക് പോകുക.

കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. അന്ന് അദ്ദേഹത്തിന് വൻ വരവേല്പ് നൽകുന്നുണ്ട്. അതിന് മുമ്പായി സ്ഥാനാർത്ഥി പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടാകുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷ.