ksrtc-we

തിരുവനന്തപുരം:ലോംഗ് മാർച്ച്, ശയന പ്രദക്ഷിണം, അനിശ്ചിതകാല ധർണ... ഒടുവിൽ അനിശ്ചിതകാല നിരാഹാരവുമായി വനിതകൾ സമരം കടുപ്പിച്ചപ്പോൾ സർക്കാർ വഴങ്ങി. ലീവ് വേക്കൻസികളിൽ നിയമിക്കാമെന്ന് സർക്കാരിന്റെ ഉറപ്പ് കിട്ടി. പിരിച്ചു വിടപ്പെട്ട എംപാനൽ കണ്ടക്ടർമാരുടെ കൂട്ടത്തിലെ വനിതകൾ പട്ടിണി കിടന്ന് വനിതാദിനത്തിൽ നേടിയ വിജയമായി അത്.

കെ.എസ്.ആർ.ടി.സിയിലെ ജോലി നഷ്ടപ്പെട്ട് കുടുംബം പോറ്റാൻ വഴി കാണാത്തവരുടെ പ്രതിനിധികളായി ആദ്യം ഗീതയും പിന്നെ സജിനിയും ആണ് നിരാഹാരത്തിലേക്ക് നീങ്ങിയത്. അനിശ്ചിതകാല ധർണ 43 ദിവസം നീണ്ടിട്ടും സർക്കാർ അനങ്ങാതിരുന്നപ്പോഴാണ് അഞ്ചു മുതൽ അനിശ്ചിതകാല നിരാഹാരത്തിന് എംപാനൽ കൂട്ടായ്മ തീരുമാനിച്ചത്. അതിന് മുന്നോട്ടു വന്നത് വനിതകളായിരുന്നു. പെരുമ്പാവൂരിലെ ഗീത ആദ്യം നിരാഹാരം തുടങ്ങി. ആരോഗ്യം മോശമായതോടെ വ്യാഴാഴ്ച ഗീതയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് മാളയിലെ സജിനി നിരാഹാരം ഏറ്റെടുത്തു. വെള്ളിയാഴ്ച രാത്രി ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായി. വി.എം.സുധീരൻ നാരങ്ങാനീര് നൽകിയാണ് സജിനിയുടെ സമരം അവസാനിപ്പിച്ചത്.

ഡിസംബർ 17നാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താത്കാലിക കണ്ടക്ടർമാരെ കെ.എസ്.ആർ.ടി.സി പിരിച്ചു വിട്ടത്. കുറഞ്ഞ വേതനത്തിന് കോർപ്പറേഷനെ സേവിച്ച 3,861 പേർ പെട്ടെന്ന് നിരാലംബരായി. ഒരു സംഘടനയുടെയും പിൻബലമില്ലാതെ അവർ സംഘടിച്ചു. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 19ന് ആലപ്പുഴ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്തി. നിവേദനങ്ങളെല്ലാം സർക്കാർ തള്ളിയപ്പോൾ ജനുവരി 21ന് സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇതിനിടെ നഗരസഭ ഇവരുടെ സമരപ്പന്തൽ പൊളിച്ചു നീക്കി. സമരക്കാരായ വനിതകളിൽ ചിലർ രണ്ടു വട്ടം മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.