മുടപുരം: പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രാധാന്യം നൽകിയുള്ള അഴൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ടി.ഇന്ദിരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ആർ .അജിത്ത് അവതരിപ്പിച്ചു. 281938573 രൂപയുടെ ആകെ വരവും 278927090 രൂപയുടെ ചെലവും 3011483 രൂപയുടെ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് . പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 15020000 രൂപ വകയിരുത്തിയിട്ടുണ്ട്. ഉത്പാദന മേഖലയിൽ 134 33 360 രൂപയും സേവന മേഖലയിൽ 152920653 രൂപയും പശ്ചാത്തല മേഖലയിൽ 12998817 രൂപയും വകയിരുത്തി കൊണ്ട് കാർഷികം,ക്ഷീരം,മൃഗസംരക്ഷണം, ആരോഗ്യം,ദാരിദ്ര ലഘൂകരണം , കുടിവെള്ളം, പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസം, വൃദ്ധർ , മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ, വനിതാ ശിശുക്ഷേമം, ശുചിത്വം, ഊർജ്ജം തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനം ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു . പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നതിനു പ്രാപ്തരാക്കുന്നതിനു വേണ്ടിയും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട് .അത്പോലെ പരമ്പരാഗത വ്യവസായമായ കയർ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിന് തൊണ്ട് സംരക്ഷണത്തിനുള്ള പ്രത്യേക പദ്ധതിക്കും തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്