തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ ചർച്ച ഇനി ഹൈക്കമാൻഡിന്റെ സാന്നിദ്ധ്യത്തിൽ നടക്കും. ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ നടത്തിയ കൂടിയാലോചനയിൽ സിറ്റിംഗ് മണ്ഡലങ്ങളൊഴിച്ചുള്ളവയിലേക്ക് രണ്ടും മൂന്നും പേരുകളുൾപ്പെട്ട സാദ്ധ്യതാ പാനലിന് രൂപം നൽകി. നാളെ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നതിനാൽ മൂന്ന് നേതാക്കളും ഇന്ന് ഡൽഹിക്ക് തിരിക്കും.
സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് സമിതിക്ക് പട്ടിക കൈമാറും. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ചർച്ച നടത്തി വീണ്ടും യോഗം ചേർന്നിട്ടാവും അന്തിമ സാദ്ധ്യതാ പട്ടിക തയ്യാറാക്കുക. ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. അതിനിടെ, സ്ക്രീനിംഗ് കമ്മിറ്റിക്ക് മുമ്പായി കെ.പി.സി.സി മുൻ പ്രസിഡന്റുമാരെയും വി.ഡി. സതീശനടക്കമുള്ളവരെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
വിജയസാദ്ധ്യതയുള്ള നേതാക്കളെയാവണം പരിഗണിക്കേണ്ടതെന്ന നിർദ്ദേശമുള്ളതിനാൽ ഉമ്മൻചാണ്ടി, വി.എം. സുധീരൻ, കെ.സി. വേണുഗോപാൽ എന്നിവർ മത്സരിക്കണമെന്ന ശക്തമായ അഭിപ്രായമാണ് ഉയരുന്നത്. ഇടത് പട്ടിക വെല്ലുവിളി ഉയർത്തുന്നതായതിനാൽ അതിനനുസരിച്ചുള്ളത് ഉണ്ടാവണമെന്ന വിലയിരുത്തലുണ്ട്. മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി തീർത്ത് പറഞ്ഞിട്ടുണ്ടെങ്കിലും വടകരയിൽ പി. ജയരാജനെതിരെ ഇറങ്ങണമെന്ന സമ്മർദ്ദം അദ്ദേഹത്തിനുമേലുണ്ട്. ജയരാജനെതിരെ ആർ.എം.പി നേതാവ് കെ.കെ. രമയെ പൊതുസ്വതന്ത്രയായി പിന്തുണയ്ക്കണമെന്ന അഭിപ്രായവും ഉയർന്നു. എന്നാൽ, ലീഗിനും കേരള കോൺഗ്രസിനും അധിക സീറ്റ് നൽകാതെ സ്വതന്ത്രസ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത് ശരിയാകില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ഡി.സി.സികൾ നൽകിയ നെടുങ്കൻ പട്ടിക ചുരുക്കി രണ്ടോ മൂന്നോ പേരുകളാക്കുന്ന ഭാരിച്ച ദൗത്യമായിരുന്നു ഇന്നലെ നേതാക്കൾക്ക്. 26 പേരുടെ പട്ടിക നൽകിയ വയനാട് ഡി.സി.സിയെ കെ.പി.സി.സി ശാസിച്ചു. സുന്നി വോട്ടുകൾ നിർണായകമായ വയനാട്ടിൽ വനിതാ സ്ഥാനാർത്ഥികൾ തിരിച്ചടിയാവുമെന്നതിനാൽ പരിഗണിച്ചേക്കില്ല. ടി. സിദ്ദിഖ്, വി.കെ. പ്രകാശ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെ.എം. അഭിജിത്, ടി. സിദ്ദിഖ് എന്നീ പേരുകളുണ്ട്. കണ്ണൂരിൽ കെ. സുധാകരന് മുൻതൂക്കം. കാസർകോട് സുബ്ബയ്യറെ, എ.പി. അബ്ദുള്ളക്കുട്ടി, തൃശൂരിൽ വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ, ചാലക്കുടിയിൽ ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ, പി.സി. ചാക്കോ, ആലത്തൂരിൽ കെ.എ. തുളസി, രമ്യ ഹരിദാസ്, പാലക്കാട്ട് വി.കെ. ശ്രീകണ്ഠൻ എന്നിവരാണ് പരിഗണനയിൽ.
കെ.സിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്;
ഉമ്മൻചാണ്ടി നിന്നാൽ ഇടുക്കിയോ, കോട്ടയമോ
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായതിനാൽ കെ.സി. വേണുഗോപാലിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കണം. ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥി ശക്തനായ ആരിഫ് ആയതിനാൽ കെ.സിക്കായി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തും. മുകുൾ വാസ്നിക്കിനോടുൾപ്പെടെ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചെങ്കിലും സുധീരന്റെ പേര് തൃശൂരടക്കം മൂന്നിടത്ത് സാദ്ധ്യതാപട്ടികയിലുണ്ട്.
ഉമ്മൻചാണ്ടിയും മത്സരിക്കണമെന്നാണ് നേതാക്കൾക്കിടയിലെ വികാരം. കോട്ടയം കേരള കോൺഗ്രസ് വിട്ടുനൽകിയാൽ അവിടെ ഉമ്മൻചാണ്ടിയെ നിറുത്തും. അല്ലെങ്കിൽ നിൽക്കുന്നത് ഇടുക്കിയിലാകും. ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ഇടുക്കി സാദ്ധ്യതാപട്ടികയിലുള്ള മറ്റു രണ്ടുപേർ. ആറ്റിങ്ങലിൽ കോന്നി എം.എൽ.എ അടൂർപ്രകാശിന്റെ പേരിനാണ് മുൻതൂക്കം. എം.എൽ.എമാരെ ഇറക്കേണ്ടതില്ലെന്നാണ് നേതൃതല ധാരണയെങ്കിലും ഉമ്മൻചാണ്ടിക്കും അടൂരിനും മാത്രം വിട്ടുവീഴ്ചയുണ്ടാകും.