തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും 20 മണ്ഡലങ്ങളിലേക്കും ജയം മാത്രം പ്രതീക്ഷിക്കുന്ന വമ്പൻ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷം പ്രചാരണരംഗത്ത് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുന്നു.
ഇടത് സ്ഥാനാർത്ഥികളെ വെല്ലാൻ കെൽപ്പുള്ളവരെ ഇറക്കി പട കൊഴുപ്പിക്കാനുള്ള തന്ത്രത്തിലേക്ക് നീങ്ങുകയാണ് യു.ഡി.എഫും എൻ.ഡി.എയും.
ശബരിമല യുവതീപ്രവേശന രാഷ്ട്രീയവും പ്രളയാനന്തര സാമൂഹ്യാന്തരീക്ഷവും തിരഞ്ഞെടുപ്പ് വിധിയെ എങ്ങനെ സ്വാധീനിക്കുമെന്ന് കേരളം ഉറ്റുനോക്കുമ്പോൾ പരമാവധി സീറ്റുകളിൽ വിജയമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയാണ് സ്ഥാനാർത്ഥിപട്ടികയിലൂടെ ഇടതുമുന്നണി.
ഏഴ് സിറ്റിംഗ് എം.പിമാരിൽ ആറ് പേരെയും വീണ്ടും മത്സരിപ്പിക്കുകയാണ് സി.പി.എം. ഇതിൽ പാലക്കാട്ട് എം.ബി. രാജേഷും ആലത്തൂരിൽ പി.കെ. ബിജുവും ആറ്റിങ്ങലിൽ എ. സമ്പത്തും തുടർച്ചയായ മൂന്നാം ടേമിലും മത്സരിക്കുന്നു. നേരത്തേ ഒരുതവണ ജയിച്ചിട്ടുള്ള സമ്പത്തിന് ഇത് നാലാം ടേമാണെങ്കിലും ആറ്റിങ്ങലിൽ സാദ്ധ്യത മങ്ങാതിരിക്കാനാണ് മറ്റൊരു പരീക്ഷണത്തിന് സി.പി.എം മുതിരാത്തത്.
വനിതകളുടെ അവകാശപ്രഖ്യാപനമായി നവോത്ഥാന വനിതാമതിൽ സൃഷ്ടിച്ച ഇടതുപക്ഷം സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്ന് ആക്ഷേപമുണ്ട്. മണ്ഡലങ്ങളിലെ ജയസാദ്ധ്യത കൂട്ടിക്കിഴിച്ചപ്പോൾ പരീക്ഷണങ്ങൾക്ക് സ്ഥാനമില്ലെന്ന് കണ്ടതിനാലാണത് എന്നാണ് പാർട്ടിയുടെ വിശദീകരണം.
സി.പി.എം നാലും സി.പി.ഐ രണ്ടും ഉൾപ്പെടെ ആറ് സിറ്റിംഗ് എം.എൽ.എമാരെ ഇടതുമുന്നണി ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നതും അസാധാരണമാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുക്കാതെ വിട്ട പൊന്നാനി സീറ്റിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ തന്നെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിലും ഒടുവിൽ അൻവറിനെ തന്നെ നിശ്ചയിക്കുകയായിരുന്നു.
അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷത്തിന് ഏറ്റവും നിർണായകമായ കേരളത്തിൽ ജീവന്മരണ പോരാട്ടമാണെന്ന് വിളിച്ചുപറയുന്നതാണ് സ്ഥാനാർത്ഥി പട്ടിക. ഇന്ന് മുതൽ മണ്ഡലം കൺവെൻഷനിലേക്ക് നീങ്ങുന്ന ഇടതുമുന്നണി 20നകം ബൂത്ത്തലം വരെ പ്രചരണം സജീവമാക്കാനൊരുങ്ങുകയാണ്.
കോൺഗ്രസിന്റെ പ്രതീക്ഷകൾ
കോൺഗ്രസ് നേതൃത്വത്തിനും ദക്ഷിണേന്ത്യയിൽ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. ഇടത് ലിസ്റ്റിലെ വമ്പന്മാരെ രാഷ്‌ട്രീയമായും വ്യക്തിപ്രഭാവത്തിലും വെല്ലുവിളിക്കാൻ ശേഷിയുള്ളവരെയാണ് കോൺഗ്രസ് നേതൃത്വം തേടുന്നത്. വിജയ സാദ്ധ്യതയും നിർണായകമാണ്. ഉമ്മൻചാണ്ടി, വി.എം. സുധീരൻ, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി,ടി. സിദ്ദിക്ക്, അടൂർ പ്രകാശ്, കെ. സുധാകരൻ, ടി. എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പരിഗണനയിലുണ്ടെന്നാണ് സൂചന.
യു.ഡി.എഫിൽ പൂർണ്ണചിത്രം തെളിയാൻ രണ്ട് മൂന്ന് ദിവസമെങ്കിലും എടുക്കുമെങ്കിലും മലപ്പുറത്തും പൊന്നാനിയിലും മുസ്ലിംലീഗും കൊല്ലത്ത് ആർ.എസ്.പിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിക്കഴിഞ്ഞു. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനാണ് കേരളത്തിൽ തന്നെ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥി. ഒരാഴ്ച മുമ്പേ അദ്ദേഹത്തിനായി ആർ.എസ്.പി പ്രചരണം തുടങ്ങിക്കഴിഞ്ഞു. ആർ.എസ്.പിയുടെ ദേശീയ പ്രതീക്ഷയാണ് കൊല്ലവും പ്രേമചന്ദ്രനും. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറുമാണ് ലീഗ് സ്ഥാനാർത്ഥികൾ.
വിശ്വാസത്തിൽ വിശ്വസിച്ച് ബി. ജെ. പി
ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം വിശ്വാസിവികാരം ഉയർത്തി പ്രത്യക്ഷ സമരത്തിനിറങ്ങിയ ബി.ജെ.പിയും എൻ.ഡി.എയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതിന്റെ ചലനം പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ആർ.എസ്.എസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിൽ കുമ്മനം രാജശേഖരനെ ഗവർണർ പദവി രാജിവയ്പിച്ച് ഇറക്കിയത്, എന്തുവില കൊടുത്തും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സി. വി ആനന്ദബോസ്, കെ.എസ്. രാധാകൃഷ്ണൻ, കൃഷ്ണകുമാർ, സുധീർകുമാർ തുടങ്ങിവരാണ് പരിഗണനയിലുള്ളത്.