കല്ലറ: സ്വഛ് ഭാരത് മിഷൻ, ക്ളീൻ കേരള പദ്ധതികൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിടുമ്പോഴും മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ് പ്രദേശത്തെ പൊതുനിരത്തുകളും ജലസ്രോതസുകളും.
കക്കൂസ് മാലിന്യങ്ങൾ, അറവുശാല മാലിന്യങ്ങൾ, കോഴിവേസ്റ്രുകൾ എന്നിവ പൊതുനിരത്തുകളിൽ തള്ളുകയാണ്.
കഴിഞ്ഞ ദിവസം ഭരതന്നൂർ ആലവളവിൽ 300 മീറ്ററോളം ദൂരത്തിൽ കക്കൂസ് മാലിന്യം ഒാടയിലും റോഡിലും ഒഴുക്കിയിരുന്നു.
കുറ്റിമൂട് വളവ്, മൈലമൂട് വനമേഖല, പുലിപ്പാറ എന്നിവിടങ്ങളിലും കക്കൂല് മാലിന്യങ്ങൾ ഒഴുക്കുന്നത് പതിവ് സംഭവമാണ്.
നാട്ടിലും നഗരങ്ങളിലുമുള്ള വീടുകൾ, ഫ്ളാറ്ര് സമുച്ചയങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യാപാര വ്യസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുറം തള്ളുന്ന കക്കൂസ് മാലിന്യങ്ങൾ ടാങ്കറുകളിൽ ശേഖരിച്ച് കൊണ്ടുപോകുന്ന സംഘങ്ങളാണ് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യങ്ങളിൽ തള്ളുന്നത്. നഗരവും നഗരാതിർത്തികളും കേന്രീകരിച്ചാണ് ഇത്തരം എജൻസികളുടെ പ്രവർത്തനം.
മാലിന്യവുമായി വരുന്ന ടാങ്കറുകളെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചാലും കൈമാറാറുണ്ടെങ്കിലും അടുത്ത ദിവസം പുറത്തിറങ്ങി വീണ്ടും മാലിന്യം ഒഴുക്കാൻ തുടങ്ങും. അത്രമാത്രം ഉയർന്ന കൂലിയാണ് കക്കൂസ് മാലിന്യശുചീകരണ സംഘങ്ങൾ ഇടപാടുകാരിൽ നിന്ന് വാങ്ങുന്നത്.
കക്കൂസ് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലശ്രോതസുകളിലും നിക്ഷേപിക്കുന്നതു മൂലം. കിണറുകളിലെ വെള്ളത്തിൽ ക്വാളിഫാം ബാക്ടീരീയകളുടെ സാന്നിദ്ധ്യം അപകടകരാമാം വിധം വർദ്ധിക്കുന്നതായി ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കക്കൂസ് മാലിന്യങ്ങൾക്ക് പുറമേ അറവുശാലകൾ,കോഴി ഫാമുകൾ തുടങ്ങിയിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടെ കൊണ്ടിടുന്നത് പതിവാണ്. പാങ്ങോട് പഞ്ചായത്തിൽ മൈലമൂട് മുതൽ പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസിന്റെ മുന്നിൽ വരെ 8 കിലോ മീറ്റർ ദൂരത്തിൽ റോഡരുകിൽ കോഴി വേസേറ്റ് ഉൾപ്പടെ അറവുശാല മാലിന്യങ്ങളും കുമിഞ്ഞുകൂടി കിടക്കുന്നു. പാണയം, ഏരുമല, വയ്യക്കാവ്, മിതൃമ്മല, മഠത്തുവാതുക്കൽ കുറ്റിമൂട് വളവ് എന്നി മേഖലകളിലും മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാണ്.