തിരുവനന്തപുരം: അമിതവേഗത്തിൽ നിയന്ത്രണംവിട്ട് പാഞ്ഞ കാറിടിച്ച് ബൈക്ക് യാത്രികരായ കേരളകൗമുദി ജീവനക്കാർക്ക് ഗുരുതര പരിക്ക്. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ തംബുരു, സർക്കുലേഷൻ എക്‌സിക്യൂട്ടീവ് സുഫിയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ കഴക്കൂട്ടം-കോവളം ബൈപ്പാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ദേവീ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഉത്സവം നടക്കുന്ന ചുടുകാട് ദേവീ ക്ഷേത്രത്തിലെ കേരളകൗമുദി സ്റ്റാളിലെ ഡ്യൂട്ടി കഴിഞ്ഞ് തംബുരുവും സൂഫിയാനും ബൈക്കുകളിൽ അമ്പലത്തറയിലെ വീട്ടിലേക്ക് പോകാൻ ക്ഷേത്ര റോഡിൽ നിന്ന് ബൈപ്പാസ് റോഡിൽ യൂ ടേൺ എടുത്ത് കയറവെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരും അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോവളം ഭാഗത്തു നിന്നാണ് കാർ എത്തിയത്. റോഡിലേക്ക് തിരിയവെ തംബുരുവിന്റെ ബൈക്കിലാണ് കാർ ആദ്യം ഇടിച്ചത്. തംബുരു റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് തൊട്ടു പിറകിലുണ്ടായിരുന്ന സുഫിയാന്റെ ബൈക്കിലും കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ സൂഫിയാന്റെ ബൈക്ക് പൂർണമായും തംബുരുവിന്റെ ബൈക്കിന്റെ പിൻഭാഗവും തകർന്നു. തംബുരുവിന്റെ നെറ്റിയിലും കണ്ണിലും താടിക്കും കാലിലും മുറിവുണ്ട്. സൂഫിയാന്റെ തലയ്ക്കും കൈയ്ക്കും പൊട്ടലുണ്ട്. ഇയാൾ ചികിത്സയ്ക്കിടെ പലതവണ അബോധാവസ്ഥയിലായതായി ആശുപത്രി അധികൃതർ പറഞ്ഞു. ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. കാർ അമിതവേഗത്തിലായിരുന്നെന്നും കാറോടിച്ചയാൾ ഉൾപ്പെടെ എല്ലാവരും മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടമുണ്ടാക്കിയ കെ.എൽ 01 ബി.എൻ 3331 എന്ന വോൾവോ കാറും യാത്രക്കാരെയും തിരുവല്ലം പൊലിസ് കസ്റ്റഡിയിലെടുത്തു. അപകട ശേഷം ഓടിരക്ഷപ്പെട്ട ഡ്രൈവർ വിനയചന്ദ്രൻപിള്ളയ്‌ക്കെതിരെ കേസെടുത്തു.