oo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരക്കാരുടെ ജനകീയനേതാവ് മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി വി.ജെ.തങ്കപ്പന് നാടിന്റെ അന്ത്യാജ്ഞലി. ശനിയാഴ്ച പുലർച്ചെ നിര്യാതനായ വി.ജെ.തങ്കപ്പന്റെ മൃതദേഹം നെയ്യാറ്റിൻകര ആറാലുമ്മൂട് തലയൽ വട്ടവിളാകത്ത് കുടുംബ വീട്ടിലെ കല്ലറയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആയിരക്കണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. വീട്ടുമുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി വാർദ്ധക്യസഹജമായ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ് പുലർച്ചെ 6 ന് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. വി.ജെ.തങ്കപ്പൻ ചെയർമാനായിരുന്ന നെയ്യാറ്റിൻകര നഗരസഭയിലും ബാലരാമപുരത്തെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും കഴിഞ്ഞ ദിവസം പൊതുദർശനത്തിന് വച്ച ശേഷമായിരുന്നു വീട്ടുവളപ്പിൽ സംസ്കരിച്ചത്. സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പേർ ഇന്നലെയും ശനിയാഴ്ചയുമായി വീട്ടിൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടിലെത്തി വി.ജെ.തങ്കപ്പന്റെ മൃതദേഹത്തിൽ പുഷ്പചക്രം വച്ച് ആദരാജ്ഞലികൾ അർപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ മന്ത്രി എം.വിജയകുമാർ, എം.എൽ.എ മാരായകെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, കോലിയക്കോട് കൃഷ്ണൻനായർ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.ദിവാകരൻ, സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ എൻ.രതീന്ദ്രൻ, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ.രാജ്മോഹൻ, കോവളം ഏരിയാ സെക്രട്ടറി പി.രാജേന്ദ്രകുമാർ, കെ.പി.സി.സി.മുൻ അദ്ധ്യക്ഷൻ വി.എം.സുധീരൻ, എം.എം.ഹസ്സൻ, കോൺഗ്രസ് ഡി.സി.സി പ്രസിഡന്റെ നെയ്യാറ്റിൻകര സനൽ,യു.ഡി.എഫ് കൺവീനർ സോളമൻ അലക്സ്, മുൻ മന്ത്രി ആർ.സുന്ദരേശൻനായർ, മുൻ എം.എൽ.എമാരായ തമ്പാനൂർ രവി, എസ്.ആർ.തങ്കരാജ്, എ.ടി.ജോർജ്ജ്,അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്,എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ കെ.വി.സൂരജ് കുമാർ, വി.എസ്.ഡി.പി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

caption

മുൻ മന്ത്രി വി.ജെ.തങ്കപ്പന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റീത്ത് സമർപ്പിക്കുന്നു. കെ.ആൻസലൻ എം.എൽ.എ സമീപം.