തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ്തല ജീവനക്കാരായ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും അസി. ഫീൽഡ് ഓഫീസർമാരെയും ദേശീയ കന്നുകാലി സെൻസസിന് നിയോഗിച്ചതോടെ സംസ്ഥാനത്തെ 1,578 വെറ്ററിനറി സബ് സെന്ററുകളുടെയും പ്രവർത്തനം നിലച്ചു. ഇതോടെ കന്നുകാലികളുടെ കൃത്രിമ ബീജദാനം, പ്രഥമശുശ്രൂഷ, ഗർഭ പരിശോധന, എന്നിവ മുടങ്ങിയിരിക്കുകയാണെന്ന് ക്ഷീര കർഷകർ പറയുന്നു. കൃഷിയും കന്നുകാലി വളർത്തലുമായി ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് ക്ഷീരകർഷകരാണ് ഇതോടെ ദുരിതത്തിലായത്.
ജില്ലയിൽ ഒരു വെറ്ററിനറി ആശുപത്രി, അതിന് കീഴിൽ വെറ്ററിനറി ഡിസ്പെൻസറികൾ, അതിന് താഴെ
വെറ്ററിനറി സബ് സെന്ററുകൾ എന്നീ ക്രമത്തിലാണ് മൃഗാശുപത്രികളുള്ളത്. വെറ്ററിനറി ആശുപത്രിയിൽ ഒരു സീനിയർ സർജനും ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും ഒരു അറ്റൻഡറുമാണുള്ളത്. സർജനും ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും അറ്റൻഡറുമാണ് വെറ്ററിനറി ഡിസ്പെൻസറികളിലുള്ളത്. സബ് സെന്ററുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും അസി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും മാത്രമാണുണ്ടാകുക. ഫലത്തിൽ മൃഗാശുപത്രികളിലെല്ലാം ജീവനക്കാരുടെ കുറവുണ്ടാകും. ജനുവരി 14 മുതൽ ഫെബ്രുവരി 20 വരെ നീണ്ടുനിന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പിനെത്തുടർന്നും സബ് സെന്ററുകളുടെ പ്രവർത്തനം അവതാളത്തിലായിരുന്നതായി കർഷകർ പറയുന്നു.
ഈ മാസം 1 മുതലാണ് മൂന്ന് മാസം നീണ്ട് നിൽക്കുന്ന ദേശീയ കന്നുകാലി കണക്കെടുപ്പ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതിന് മുമ്പ് 2012ലാണ് കന്നുകാലി സെൻസസ് നടന്നത്. അന്ന് സെൻസസ് എടുക്കുന്നതിനായി
താത്കാലിക അടിസ്ഥാനത്തിൽ 13,500 ജീവനക്കാരെ (എന്യൂമറേറ്റർമാർ) നിയമിച്ചിരുന്നു. എന്നാൽ ഇത്തവണ സെൻസസിന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും അസി. ഫീൽഡ് ഓഫീസർമാരും ഉൾപ്പെടെ വെറും 2,550 ജീവനക്കാരെയുള്ളൂവത്രേ.
ശേഖരിക്കുന്ന വിവരങ്ങൾ
മുൻവർഷങ്ങളിൽ കന്നുകാലികളുടെ മാത്രം എണ്ണമെടുത്താൽ മതിയായിരുന്നു. നിലവിൽ മൃഗങ്ങളുടെ ഇനം, പ്രായം, കർഷകരുടെ വിവരങ്ങൾ, കൈവശഭൂമി, വാർഷിക വരുമാനം എന്നിവയെല്ലാം ശേഖരിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഭൂമികയിൽ പക്ഷിമൃഗാദികൾ ഇല്ലാത്ത കുടുംബാംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കണം.
മൃഗാശുപത്രികളുടെ പ്രവർത്തനം താളംതെറ്റാതിരിക്കാൻ താത്കാലിക ജീവനക്കാരെ ആശുപത്രികളിൽ നിയമിക്കാൻ നീക്കമുണ്ട്. ഇവരെ സെൻസസിനായി നിയമിക്കുന്നതാകും പ്രായോഗികത.
-സതീഷ് അൽഫോൺസ്, പ്രസിഡന്റ്,
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ