കുഴിത്തുറ: ജന്മനാടിനായി ജീവൻ ബലിയർപ്പിച്ച വേലുത്തമ്പിദളവയുടെ ജന്മഗൃഹം ഇന്ന് അവഗണനയുടെ വക്കിലാണ്. കന്യാകുമാരി ജില്ലയിലെ തിങ്കൾ ചന്തയ്ക്കടുത്ത് തലക്കുളത്തെ വലിയവീടാണ് അധികൃതരുടെ അവഗണന കാരണം നശിക്കുന്നത്. കുറ്റിക്കാട് പടർന്നു നിൽക്കുന്ന വീടിന്റെ പരിസരം വർഷത്തിൽ ഒരുതവണ മാത്രമാണ് വൃത്തിയാക്കുന്നത്. 2009ൽ 40 ലക്ഷം രൂപ ചെലവിൽ വീടിന്റെ പരിസരം നവീകരിച്ചിരുന്നു. ശൗചാലയം, വാഹന പാർക്കിംഗ് സൗകര്യം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും സ്ഥാപിച്ചു. എന്നാൽ സംരക്ഷണമില്ലാതായതോടെ വീടിന്റെ മേൽക്കൂരയുടെ ഏറിയഭാഗവും തകർന്ന നിലയിലാണ്. ചിലഭാഗങ്ങളിൽ ചുവരും തകർന്നു. ഉൾഭാഗം പരിചരണമില്ലാതെ നശിക്കുന്നു. ശൗചാലയം ഉപയോഗിക്കാനാകാത്ത തരത്തിലായി. അവഗണന കാരണം തകരുന്ന ചരിത്രസ്മാരകം സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേ കാലയളവിൽ തന്നെ ചിത്ര കലാമണ്ഡലത്തിന്റെ കീഴിൽ ഇവിടെ സ്ഥാപിച്ച വേലുത്തമ്പിദളവയുടെ പൂർണകായ പ്രതിമയുടെ ഉദ്ഘാടനം പോലും ഇതുവരെ നടന്നിട്ടില്ല. വലിയവീട് സംരക്ഷിക്കുന്നതിനായി വേലുത്തമ്പി നാഷണൽ ഫൗണ്ടേഷൻ ട്രസ്റ്റ് മുന്നോട്ടുപോകുമെന്ന് ട്രസ്റ്റ് ചെയർമാൻ മഹേശ്വരൻ നായർ കുണ്ടറ വിളംബരദിന ആചാരദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അറിയിച്ചിരുന്നു. വർഷത്തിൽ ഒരുതവണ ജന്മദിനത്തിൽ മാത്രം വേലുത്തമ്പി ദളവയെ അനുസ്മരിക്കുന്നവർ അദ്ദേഹത്തിന്റെ ജന്മഗൃഹത്തെ സംരക്ഷിക്കാനുള്ള നടപടിയും കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെയും സാമൂഹ്യപ്രവർത്തകരുടെയും ആവശ്യം.
വലിയവീട്ടിൽ വലിയമ്മ തങ്കച്ചിയുടെ മകൻ വേലായുധൻ തമ്പി എന്ന വേലുത്തമ്പി 1799-ൽ മുളക് മടിശീലക്കാരനായി ഔദ്യോഗികജീവിതം തുടങ്ങുകയും തുടർന്ന് അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമായി ദളവാ സ്ഥാനം ലഭിക്കുകയുമായിരുന്നു. 1802 മുതൽ 1809 വരെ അദ്ദേഹം തിരുവിതാംകൂറിന്റെ ദളവാ സ്ഥാനം വഹിച്ചു.