dry-fish

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വറുതി ജീവിതം പഴങ്കഥയാക്കാൻ സംസ്ഥാനത്തിന്റെ സ്വന്തം ഉണക്കമീനുകൾ ആമസോൺ ആപ്പ് കീഴടക്കുന്നു. ആമസോണിൽ 'ഡ്രിഷ് കേരള ഡ്രൈഫിഷ്" എന്ന് സെർച്ച് ചെയ്‌താൽ കൊഞ്ച്, നത്തോലി, കണവ, പരവ, സ്രാവ്, കിളിമീൻ, വാള തുടങ്ങി കേരളത്തിലെ എല്ലാ ഉണക്കമീനുകളും സ്‌ക്രീനിൽ കുരുങ്ങും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള തീരദേശ വികസന കോർപറേഷനാണ് ആമസോണുമായി ചേർന്ന് 'ഡ്രിഷ്" എന്ന പേരിൽ ഉണക്കമീൻ ഓൺലൈൻ വിപണിയിലെത്തിച്ചത്. ഇന്ത്യയിൽ എവിടെ നിന്നും ഇത് വാങ്ങാം. ഒരു മാസം മുമ്പ് തുടങ്ങിയ പദ്ധതി ഇതര സംസ്ഥാനങ്ങളുൾപ്പെടെ ഏറ്റെടുത്തതോടെ സൂപ്പർ ഹിറ്റുമായി. തെക്കുള്ള ഉണക്കമീൻ വടക്കുള്ള ജമ്മുകാശ്‌മീരിനാണ് ഏറെ പ്രിയം. മാർക്കറ്റിലെക്കാൾ കുറഞ്ഞ നിരക്കിലാണ് ഡ്രിഷ് ഡ്രൈഫിഷ് ലഭ്യമാകുന്നത്. 100, 200, 300 ഗ്രാം പാക്കറ്റുകളിൽ 80 രൂപ മുതൽ വാങ്ങാം.

മത്സ്യത്തൊഴിലാളി വനിതകൾക്ക് ഉപജീവനമാർഗമൊരുക്കുക, ഏത് സീസണിലും മത്സ്യ വിലയിടിയാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പദ്ധതിയൊരുക്കിയത്. സ്വകാര്യ സംരംഭകർ ഉണക്ക മീൻ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ഇത്തരം സംവിധാനം രാജ്യത്ത് ആദ്യമാണ്. മീൻപിടിത്തക്കാരിൽ നിന്ന് നേരിട്ടാണ് വാങ്ങുന്നത്. തുടർന്ന് മൂന്നിലധികം തവണ കഴുകി തരം തിരിച്ച് സോളാർ ഡ്രയറിൽ ഉണക്കി ആവശ്യക്കാരിലെത്തിക്കും. ആറ് മണിക്കൂറിൽ 500 കിലോ മീൻ ഉണക്കാവുന്ന ഡ്രയറാണ് ഉപയോഗിക്കുന്നത്. ഇതിനായി കൊല്ലം ശക്തികുളങ്ങരയിലെ ഫാക്ടറിയിൽ പ്രത്യേക പരിശീലനം ലഭിച്ച 30 സ്ത്രീകളുണ്ട്. പൂർണമായും ആട്ടോമാറ്രിക് സംവിധാനത്തിലാണ് മത്സ്യം സംസ്കരിക്കുന്നത്. ഉണക്കമീനിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കാനും സംവിധാനമുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത ഉണക്കമീനുകളാണ് വലിയൊരു ശതമാനവും പൊതുവിപണിയിലുള്ളത്. അതുകൊണ്ടു തന്നെ പൊതുവിപണിയിൽക്കൂടി 'കേരള ഡ്രിഷ്" എത്തിക്കാനുള്ള ശ്രമത്തിലാണ് തീരദേശ വികസന കോർപറേഷൻ. വിദേശത്തേക്കുള്ള കയറ്റുമതി ലൈസൻസിനുള്ള നടപടി അവസാനഘട്ടത്തിലാണ്.

കയറ്റുമതി ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്. പൊതുവിപണിയിൽ കൂടി സജീവമാകുമ്പോൾ ഏത് സീസണിലും മത്സ്യത്തിന് വിലയിടിയാതെ പിടിച്ചുനിറുത്താനും ന്യായവില തൊഴിലാളികൾക്ക് ലഭ്യമാക്കാനും സാധിക്കും. നിരവധി കമ്പനികളും വ്യക്തികളും സംരംഭത്തിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

- പി.ഐ. ഷേക്ക് പരീത്,

തീരദേശ വികസന കോർപറേഷൻ എം.ഡി