ആറ്റിങ്ങൽ: വേനൽ ചൂടിനെ അതിജീവിക്കാൻ പക്ഷികൾക്ക് കൂടും, വെള്ളവും, തിനയും ഒരുക്കി ഒരു സംഘം വിദ്യാർത്ഥികൾ മാതൃകയായി. വേനൽ ചൂട് കനത്തതോടെ ഒരിറ്റ് വെള്ളം കിട്ടാതെ വഴിവക്കുകളിൽ ചത്തൊടുങ്ങിയ നിരവധി പക്ഷികളെ കണ്ട കീഴാറ്റിങ്ങൽ പ്രിയദർശിനി പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളാണ് പക്ഷികളെ സംരക്ഷിക്കാൻ തയ്യാറായി സ്വമേധയാ മുന്നോട്ട് വന്നത്. ഇതേക്കുറിച്ച് അദ്ധ്യാപകരോട് പറഞ്ഞതോടെ അവരും സഹായത്തിനെത്തി.
കിളികളുടെ സംരക്ഷണത്തിനായി സ്കൂൾ പരിസരങ്ങളിൽ നിരവധി മൺകലങ്ങൾ മരങ്ങളിൽ കെട്ടിവെച്ച് പക്ഷിക്കൂടും, പാത്രങ്ങളിൽ വെള്ളവും, തിനയും വെച്ചുമാണ് പക്ഷികൾക്ക് താവളം ഒരുക്കിയത്. നിത്യവും വീടുകളിൽ നിന്ന് കുപ്പിയിൽ കിണർ വെള്ളം കൊണ്ടു വന്നാണ് നിറയ്ക്കുന്നത്. പക്ഷികൾക്ക് ആവശ്യമായ ഭക്ഷണവും വിദ്യാർത്ഥികൾ തന്നെയാണ് ക്രമീകരിക്കുന്നത്.