തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെൻഷൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം. സഹകരണബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം ചെയ്യുന്നത്.

എല്ലാ മാസവും 25 നകം പെൻഷൻ ബിൽ കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫീസിൽ നിന്നും സഹകരണ രജിസ്ട്രാർക്ക് നൽകാറുണ്ട്. എന്നാൽ ഇത്തവണ ഇതുവരെ പെൻഷൻ ബിൽ തയ്യാറായിട്ടില്ല.

രജിസ്‌ട്രേഷൻ പുതുക്കുന്നതിലെ വീഴ്ച മൂലം കഴിഞ്ഞ 2 വർഷമായി നിരവധി പേർ പെൻഷൻ ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്. പെൻഷൻ നിഷേധിക്കപ്പെട്ടവർക്ക് അവസരം കിട്ടുന്നതിനായി സപ്ലിമെന്ററി ലിസ്റ്റ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ചയോടെ തയാറാക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്. സപ്ലിമെന്ററി ലിസ്റ്റിനൊപ്പം പെൻഷൻ ബില്ലും സമർപ്പിക്കും.

സപ്ലിമെന്ററി ലിസ്റ്റിനു വേണ്ടി പെൻഷൻ ബിൽ വൈകിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് വിഴവച്ചതെന്ന് പെൻഷൻകാർ ആരോപിക്കുന്നു. ബിൽ ലഭിച്ചാലും സഹകരണ വകുപ്പ് നടപടി രണ്ടു ദിവസം കൂടി വൈകും. ഫലത്തിൽ മാസം പകുതിയാകുമ്പോൾ മാത്രമേ പെൻഷൻ ലഭിക്കൂ.