തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പൊലീസ്, രമേശ് കുമാർ ഫൗണ്ടേഷൻ എന്നിവ ചേർന്ന് ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് എന്ന അത്യാധുനിക ട്രോമ കെയർ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനായി ആശുപത്രി ശൃംഖല രൂപീകരിച്ചു. കേരളത്തിലെവിടെയും റോഡപകടങ്ങളുണ്ടായാൽ 9188100100 എന്ന നമ്പരിൽ വിളിച്ച് അടിയന്തര ആംബുലൻസ് സേവനം ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം നിലവിൽ വന്നിരുന്നു. അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്ന ആശുപത്രികളെയാണ് ഇപ്പോൾ ശൃംഖലയുടെ ഭാഗമാക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും ലീഡ് സെന്റർ എന്നറിയപ്പെടുന്ന ആശുപത്രി ശൃംഖല ഇതിനകം രൂപീകരിച്ചു കഴിഞ്ഞു. അടിയന്തര ഘട്ടങ്ങളിലോ, മറ്റോ ആംബുലൻസ് സൗകര്യം ലഭ്യമായില്ലെങ്കിൽ ലീഡ് സെന്ററിൽ നിന്നുള്ള ആംബുലൻസുകൾ അപകട രക്ഷ നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് ട്രൈ ലീഡ് സെന്റർ പദവി നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. സന്തോഷ്‌കുമാറിന് ട്രൈ ലീഡ് സെന്റർ പദവിയുടെ രേഖ കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ, സെക്രട്ടറി ഡോ. എൻ. സുൾഫി, ട്രൈ പദ്ധതിയുടെ സംസ്ഥാന സെക്രട്ടറിയും ഇൻടെക്ക് സംസ്ഥാന ചെയർമാനുമായ ഡോ. ശ്രീജിത്ത് എൻ. കുമാർ, ട്രൈ പദ്ധതിയുടെ വൈസ് പ്രസിഡന്റും ഇൻടെക്കിന്റെ സംസ്ഥാന കൺവീനറുമായ ഡോ. ജോൺ പണിക്കർ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.