തിരുവനന്തപുരം: മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകൾ കേരള ബാങ്ക് രൂപീകരണത്തെ അംഗീകരിച്ചതിന് പിന്നാലെ അന്തിമാനുമതി തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥനുമായി നാളെ നിർണായക കൂടിക്കാഴ്ച നടത്തും. ജില്ലാബാങ്കുകളുടെ പിന്തുണയ്‌ക്കെതിരായ ആക്ഷേപങ്ങൾക്കുള്ള മറുപടിയും ലയനനീക്കം സാങ്കേതികമായും നിയമപരമായും വിജയിച്ചതും റിസർവ് ബാങ്കിനെ ബോദ്ധ്യപ്പെടുത്തും. എന്നാൽ ലയനത്തെ നബാർഡ് എതിർത്തേക്കും. റിസർവ് ബാങ്കിനെ സ്വാധീനിക്കാനിടയുള്ള ഈ നിലപാട് മറികടക്കുകയാണ് സർക്കാർ ലക്ഷ്യം.
ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ കേവലഭൂരിപക്ഷം മതിയെന്ന് ഭേദഗതി ചെയ്‌തിരുന്നു. സംസ്ഥാന സഹകരണ നിയമമനുസരിച്ച് ലയനത്തിന് ജില്ലാബാങ്കുകളുടെ അനുമതി വേണമെന്നായിരുന്നു റിസർവ് ബാങ്ക് വ്യവസ്ഥ. ഒരിടത്ത് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സംസ്ഥാനത്തെ മൊത്തം ജില്ലാബാങ്ക് വോട്ടർമാരിൽ 68 ശതമാനവും ലയനം അംഗീകരിച്ചു. ഇത് മൂന്നിൽ രണ്ട് ഭൂരിപക്ഷമായി കണക്കാക്കാം.
പൊതുയോഗത്തിൽ വായ്പേതര സഹകരണ സംഘങ്ങൾക്ക് വോട്ടവകാശം നൽകണമെന്നത് നിയമപരമായി നിലനിൽക്കില്ല. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ട്. 14 ജില്ലാബാങ്കുകളിൽ ഒമ്പതിടത്ത് മൂന്നിൽ രണ്ടും നാലിടത്ത് കേവല ഭൂരിപക്ഷവും അനുകൂലമായി ലഭിച്ചിരുന്നു. സഹകരണമേഖലയെ ശക്തിപ്പെടുത്താനാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി ചർച്ചയിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറെ ബോദ്ധ്യപ്പെടുത്തും. ലയന നടപടികൾ റിസർവ് ബാങ്ക് അംഗീകരിച്ചാൽ കേരള ബാങ്ക് രൂപീകരണത്തിന് മറ്റ് തടസങ്ങളുണ്ടാകില്ല.
നബാർഡ് ഉന്നയിക്കാവുന്ന ആക്ഷേപങ്ങൾ
പതിന്നാല് ജില്ലാബാങ്കുകളിൽ അഞ്ചിടത്ത് ലയന പ്രമേയത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്നില്ല
പൊതുയോഗത്തിൽ വായ്പേതര പ്രാഥമിക സഹകരണസംഘങ്ങൾക്ക് വോട്ടവകാശം നൽകിയില്ല
ലയനപ്രമേയം പാസാക്കാൻ കേവല ഭൂരിപക്ഷം മതിയെന്ന സഹകരണനിയമഭേദഗതി നിലനിൽക്കില്ല