dhanuvachapuram

പാറശാല: ചോർന്നൊലിക്കുന്ന പ്ലാറ്റ്ഫോം, ആവശ്യത്തിന് സ്ഥലമില്ലാതെ ടിക്കറ്റ് കൗണ്ടർ, യാത്രക്കാർക്ക് ഇരിക്കാൻ ഇടമില്ലാതെ വെയിറ്റിഗ് ഷെഡും ഇരിപ്പിടങ്ങളും ദാഹിച്ചാൽ കുടിക്കാൻ വെള്ളവുമില്ല, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ടോയ്ലറ്റും അപര്യാപ്തം. അതാണ് ധനുവച്ചപുരം റെയിൽവേസ്റ്റേഷന്റെ നിലവിലെ അവസ്ഥ. സർക്കാർ ഉദ്യോഗസ്ഥ‌ർ അടക്കം ദിനം പ്രതി നിരവധിപേരുടെ ആശ്രയമായ ഈ റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ കാരണം നട്ടം തിരിയുകയാണ് യാത്രക്കാർ. നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ധനുവച്ചപുരം സ്റ്റേഷൻ തിരുവനന്തപുരം- നാഗർകോവിൽ റയിൽവേ പാത നടപ്പിലായ കാലത്ത് സ്ഥാപിച്ചതാണ്. അന്ന് സ്ഥാപിച്ച താത്കാലിക പ്ലാറ്റ്ഫോമിന് പുറമെ യാതൊരു വികസനവും ഇവിടെ നടന്നിട്ടില്ല. സ്റ്റേഷന്റെ പോരായ്മകാരണം പരാതി പറഞ്ഞ് മടുത്തെന്നാണ് യാത്രക്കാരുടെ മറുപടി.

നിരന്തരമായ യാത്രക്കാരുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം റയിൽവേ ഡിവിഷൻ ഇവിടെ ഒരു പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾനടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ശശി തരൂർ എം.പിയുടെ ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവാക്കി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും വെയ്റ്റിംഗ് ഷെഡ് ഉൾപ്പടെയുള്ള കെട്ടിടം യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ അധികൃതർ ഇതുവരെ തയാറായില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയെങ്കിലും വെയിറ്റിംഗ് ഷെഡും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും തുറന്ന് കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെയെത്തുന്ന യാത്രക്കാ‌ർ ട്രെയിൽ എത്തും വരെ കാത്ത് 'നിൽക്കേ"ണ്ട അവസ്ഥയാണ്. ട്രെയിൽ താമസിക്കും തോറും ആ നിൽപ്പ് നീളും. വളരെ നേരത്തെ കാത്തുനിൽപ്പാകട്ടെ തകർന്ന മേൽക്കുരയ്ക്ക് താഴെ വെയിലേറ്റ് വേണം നിൽക്കാൻ. ഏറെ നേരത്തെ കാത്തുനിൽപ്പിന് ശേഷം ട്രെയിൻ എത്തുമ്പോൾ രക്ഷപെട്ട മട്ടാണ് യാത്രക്കാർക്ക്.