photo

നെടുമങ്ങാട്: തിരക്കേറിയ ചെങ്കോട്ട ഹൈവേയിൽ അപകടങ്ങളുടെ ത്രിവേണി സംഗമം സൃഷ്ടിക്കുകയാണ് കൊച്ചാട്ടുകാൽ ജംഗ്‌ഷൻ. നപനയമുട്ടം, നെടുമങ്ങാട്, പാലോട് ഭാഗങ്ങളിലേക്ക് റോഡുകൾ വഴിപിരിയുന്ന ഈ ''മുക്കാലി'' കവലയിൽ കയറ്റം കയറി എത്തുന്ന വാഹനങ്ങളുടെ കൂട്ടിയിടി തുടർക്കഥയാണ്. ബസ് സ്റ്റോപ്പുകൾക്ക് ''സ്ഥിരത ഇല്ലാത്തതിനാൽ'' യാത്രക്കാർ ബസ് പിടിക്കാൻ നെട്ടോട്ടമോടണം. മൂന്ന് ദിക്കിലേയ്ക്കുമുള്ള ബസുകൾ മൂന്നിടങ്ങളിലായാണ് നിറുത്തുക. രാവിലെ ഒരിടത്താണെങ്കിൽ ഉച്ചയ്ക്ക് മറ്റൊരിടത്താവും. വൈകിട്ടാവുമ്പോഴേയ്ക്കും സ്റ്റോപ്പുകൾ പിന്നെയും മാറും. ഡ്രൈവറുടെ സൗകര്യം പോലെ സ്റ്റോപ്പുകൾ മാറിക്കൊണ്ടേയിരിക്കുമെന്നാണ് യാത്രക്കാരുടെ പരാതി. തട്ടും മുട്ടുമേൽക്കാതെ റോഡ് മുറിച്ചു കടന്ന് എതിർവശത്തെ ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേയ്ക്കും ബസ് സ്റ്റാർട്ടായിരിക്കും. ബസിൽ കയറി പറ്റാൻ ഇടംവലം നോക്കാതെയാണ് പലരും റോഡ് മുറിച്ചു കടക്കുന്നത്. ബസിന് പിറകെ ഓടി റോഡിൽ വീണു പരിക്കേൽക്കുന്നതും പതിവാണ്. വ്യാപരികൾക്കും ഓട്ടോ തൊഴിലാളികൾക്കും രക്ഷാപ്രവർത്തനം ഒഴിഞ്ഞ് നേരമില്ലെന്ന അവസ്ഥയാണ്. പനയമുട്ടം, പാണയം, ചേപ്പിലോട്, പൂവക്കാട്, ആറ്റിൻപുറം, പേരയം, പനവൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.

പനയമുട്ടം റോഡിൽ ജംഗ്‌ഷനിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ഒരു ബസ് കാത്തിരിപ്പുകേന്ദ്രം എപ്പോഴും വിജനമാണ്. യാത്രക്കാർ തിങ്ങിക്കൂടുന്ന ജംഗ്‌ഷനിൽ നിർമ്മിക്കേണ്ട കാത്തിരിപ്പു കേന്ദ്രമാണ് അധികൃതരുടെ സൗകര്യം നോക്കി വിജനമായ ഭാഗത്ത് പണിതത്. ചെങ്കോട്ട പ്രധാന പാതയിൽ ഇരുവശത്തേയും വളവും കയറ്റവും കടന്ന് കൊച്ചാട്ടുകാലിൽ എത്തുന്ന വാഹനങ്ങളുടെ നിയന്ത്രണത്തിന് യാതൊരു ക്രമീകരണവുമില്ല. നെടുമങ്ങാട്, പാലോട് ഭാഗങ്ങളിലേക്ക് നിശ്ചിത സ്റ്റോപ്പുകൾ സ്ഥാപിക്കാൻ കുറച്ചുനാൾ മുമ്പ് നീക്കം നടന്നെങ്കിലും സ്ഥലമെടുപ്പ് സംബന്ധിച്ചുയർന്ന ആശങ്കയോടെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. റോഡിന് കുറുകെ സീബ്രാലൈൻ അടയാളപ്പെടുത്തുകയോ മുന്നറിയിപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. വഴിയാത്രികർക്ക് സഞ്ചരിക്കാൻ നടപ്പാതയില്ലാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അരികിടിഞ്ഞ റോഡിൽ കാൽ കുടുങ്ങി വാഹനങ്ങൾക്കിടയിൽ പതിക്കുമോയെന്ന ആശങ്കയിലാണ് കാൽനടക്കാർ.