''ഞാൻ വീഴ്‌വേന്തു നിനച്ചായോ?'' പേട്ട സിനിമയിലെ മാസ് എൻട്രിക്ക് ശേഷം രജനികാന്തിന്റെ കഥാപാത്രം പേട്ട വേലിന്റെ ചോദ്യമാണിത്. പ്രേക്ഷകർ ഹർഷാരവത്തോടെ സ്വീകരിച്ച ഈ ഡയലോഗിനു മാത്രമല്ല ചിത്രത്തിലെ മറ്റ് ചില പഞ്ച് ഡയലോഗുകൾക്കും രജനിയുടെ രാഷ്ട്രീയ പ്രവേശവും കാണാൻ പോകുന്ന കുതിപ്പുമായി ബന്ധമുണ്ടെന്നാണ് ഇപ്പോൾ തമിഴകത്തെ സംസാരം. പഴയ രജനിയെ പ്രേക്ഷകർക്ക് വീണ്ടെടുത്ത് കൊടുത്തത് ചെറുപ്പക്കാരനായ സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഏറ്റവും പുതിയ വിഷയത്തെ കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ് വിജയിപ്പിച്ചതോടെ ചിത്രം സൂപ്പർഹിറ്റ് ആയെന്നു മാത്രമല്ല ചെറുപ്പക്കാർക്കിടയിൽ രജിനിയോടുള്ള ഇഷ്ടത്തിന് ഒട്ടും കുറവ് വന്നില്ല എന്നു തെളിയിക്കുക കൂടി ചെയ്യുകയാണ്. രാഷ്ട്രീയത്തിലിറങ്ങിയ കമലഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗം പൊളിഞ്ഞ് തരിപ്പണമായപ്പോഴാണ് തലൈവർ എന്നാൽ രജനിയാണെന്ന് വിളിച്ചു പറയുന്ന പേട്ട തമിഴകത്തെ ഇളക്കി മറിച്ചത്. അതിൽ ഒരു സീനിൽ രജനി പറയുന്ന ഒരു ഡയലോഗുണ്ട് '' പാക്ക താനെ പോണേ ഇന്ത പേട്ടയുടെ ആട്ടത്തെ''. സിനിമയിൽ അല്ല രാഷ്ട്രീയത്തിൽ രജനിയുടെ ആട്ടം എങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുയാണ് തമിഴകം.
സാക്ഷാൽ എം.ജി.ആറിനു ശേഷം രജനി തമിഴകത്തെ നയിക്കുന്നത് സ്വപ്നം കാണുന്ന വലിയൊരു വിഭാഗം ആരാധകർ തമിഴ്നാട്ടിൽ മാത്രമല്ല വിദേശങ്ങളിലുമുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്ന് രജനികാന്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്‌സരിക്കാനില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറയുന്നുമുണ്ട്. പക്ഷെ, താരം ബി.ജെ.പി കേന്ദ്രനേതൃത്വവുമായി അടുപ്പത്തിലാണെന്ന പ്രചരണം ഇപ്പോഴും ശക്തമാണ്. നരേന്ദ്രമോദിയെ എല്ലാവരും എതിർക്കുകയാണെന്ന് ഒരിക്കൽ മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പത്തുപേർ ചേർന്ന് ഒരാളെ എതിർക്കുമ്പോൾ ആരാണ് ശക്തൻ? എന്ന മറുചോദ്യമാണ് രജനി മുന്നോട്ടു വച്ചത്. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയെ രജനി നയിക്കുമെന്ന ഗോസിപ്പും പടർന്നിരുന്നു. അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിനു വേണ്ടി രജനികാന്ത് പ്രചരണത്തിനിറങ്ങുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇക്കാര്യം രജനിയുമായി സംസാരിച്ചു എന്നും കേൾക്കുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ അണ്ണാ ഡി.എം.കെ സഖ്യത്തിനാണെന്ന് പാർട്ടി മുഖപത്രം നമതു അമ്മ. 'കാലാ വോട്ട് കഴകത്തിരിക്ക്' എന്ന പേരിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെ അവകാശവാദം ഉന്നയിച്ചിരുന്നു. തമിഴ്‌നാടിന്റെ ജലപ്രശ്‌നം ശാശ്വതമായി പരിഹരിച്ചത് അണ്ണാഡി.എം.കെയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരുമാണെന്നു കവിതയിൽ പറയുന്നു. ഇരുപാർട്ടികളും ഒരേ മുന്നണിയിൽ മത്‌സരിക്കുമ്പോൾ താരം മറ്റാരെ പിന്തുണയ്ക്കും. അദ്ദേഹത്തിന്റെ വാക്കുകളിൽ പാർട്ടിക്കുള്ള പിന്തുണ വ്യക്തമാണെന്നും കവിതയിൽ പറയുന്നു. തമിഴ്‌നാടിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്ന പാർട്ടിക്കു വോട്ടു ചെയ്യണമെന്ന രജനിയുടെ ആഹ്വാനമാണ് എഴുത്തുകാരൻ മുതലാക്കിയത്. രജനീകാന്തിന്റെ പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പറയുന്ന മറ്റൊരു നേതാവു കൂടിയുണ്ട്. അത് മക്കൾ നീതി മയ്യം നേതാവ് കമൽഹാസനാണ്. പടയപ്പ ഇപ്പോൾ പടനയിക്കാനില്ലെന്ന് രജനി മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുടെ കൂടിയാലോചനാ യോഗത്തിൽ അറിയിച്ചിരുന്നു. മക്കൾ മൻട്രത്തിന്റെ പേരോ കൊടിയോ ഒരു പാർട്ടിയും പ്രചാരണത്തിന് ഉപയോഗിക്കരുത്. അതേസമയം, തമിഴ്‌നാട്ടിലെ ജലപ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്ന, കേന്ദ്രത്തിൽ സുസ്ഥിര സർക്കാരുണ്ടാക്കാൻ ശേഷിയുള്ളവർക്ക് വോട്ട് ചെയ്യാൻ താരം ആരാധകരെ ആഹ്വാനം ചെയ്തു.
ഒരു വർഷം മുൻപ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപന സമയത്തുതന്നെ രജനീകാന്ത് നയം വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്‌സരിക്കും. ഇതിനു പിന്നാലെ രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ കമ്മിറ്റികൾ സ്ഥാപിക്കുന്ന പ്രവർത്തനം സജീവമായി. പലതവണ രജനി പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും നടന്നില്ല. പാർട്ടി പ്രഖ്യാപിച്ചില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കുമെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അന്നത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്രമോദി രജനീകാന്തിനെ സന്ദർശിച്ചിരുന്നു. രജനി ബി.ജെ.പിക്കൊപ്പമാണെന്ന വാർത്തകൾ അന്ന് താരം നിഷേധിച്ചതുമില്ല. പ്രതിപക്ഷ മഹാസഖ്യ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പിന്തുണയ്ക്കുന്ന പത്തുപേർ ചേർന്ന് ഒരാളെ എതിർക്കുമ്പോൾ ആരാണു ശക്തൻ എന്ന പ്രസ്താവന ചർച്ചയായിരുന്നു. തമിഴ്‌നാട്ടിലെ ജലപ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാൻ നദീസംയോജനമെന്ന ആവശ്യം അയ്യാകണ്ണുൾപ്പെടെയുള്ള തമിഴ് കർഷക നേതാക്കൾ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്.
ജലപ്രശ്‌നത്തെ വോട്ടുമായി ബന്ധിപ്പിച്ചതിലൂടെ സംസ്ഥാനത്തിന്റെ ജീവൽപ്രശ്‌നമാണു തന്റെ രാഷ്ട്രീയമെന്ന സൂചന ജനങ്ങൾക്കു നൽകുക കൂടിയാണു രജനിയുടെ ലക്ഷ്യം. കാവേരി, മേക്കേദാട്ടു പ്രശ്‌നങ്ങളിൽ സംസ്ഥാനത്തിന്റെ താത്‌പര്യത്തിനെതിരായി പ്രവർത്തിച്ച ബി.ജെ.പിക്കെതിരായ നിലപാടായി പ്രതിപക്ഷം ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. താരമാകട്ടെ മുരുകദോസിന്റെ പുതിയ പടത്തിന് ഡേറ്റ് നൽകിയിരിക്കുകയാണ്.